റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന: സൂചനാസത്യഗ്രഹം നടത്തി
1534037
Tuesday, March 18, 2025 2:19 AM IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ റെയില്‍വേ സ്റ്റേഷന് വികസനസമിതിയും സമാനസംഘടനകളും നല്കിയ നിവേദനങ്ങളും സമര പരിപാടികളും മറ്റും അവഗണിക്കപ്പെട്ട സാഹചര്യത്തില്‍ സമിതിയുടെ നേതൃത്വത്തില്‍ ഏകദിന സമര സൂചനാസത്യഗ്രഹം സംഘടിപ്പിച്ചു.
റെയില്‍വേ സ്റ്റേഷനു മുന്നില്‍ ഒരുക്കിയ പി.എം. ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ സമര സ്മൃതിമണ്ഡപത്തിലാണ് സൂചനാസത്യാഗ്രഹം സംഘടിപ്പിച്ചത്. സമര വിളംബര റാലിയും പൊതുസമ്മേളനവും നടന്നു. ആദിശങ്കര അഘാഡ സന്യാസസഭ പ്രതിനിധി സ്വാമി രാമപ്രസാദാനന്ദ സരസ്വതി സമര വിളംബര റാലി ഉദ്ഘാടനം ചെയ്തു.
കെപിഎംഎസ്, കേരള സിറ്റിസണ്‍ ഫോറം, ആദിശങ്കര അദ്വൈത അഘാഡ, സ്വദേശി ജാഗരണ്‍ മഞ്ച്, പൗരമുന്നേറ്റം, കര്‍ഷക മുന്നേറ്റം, തീവണ്ടിയാത്രാ കൂട്ടായ്മ തുടങ്ങി നിരവധി സംഘടനകള്‍ സമരവേദിയില്‍ ഐക്യദാര്‍ഢ്യവുമായി എത്തി.
മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് സമരവിളംബര പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ചു. സിപിഐ -എംഎല് സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കന് മുഖ്യപ്രഭാഷണം നടത്തി. മുഖ്യ സംഘാടകന്‍ വര്‍ഗീസ് തൊടുപറമ്പില്‍ റെയില്‍വേ സ്റ്റേഷന്റെ വികസനത്തിനായി ഇടവേളകളില്ലാത്ത ജനകീയ പ്രതിഷേധങ്ങള്‍ തുടങ്ങുമെന്ന് തന്റെ അറിയിച്ചു.
കല്ലേറ്റുംകര സഹകരണ ബാങ്ക് പ്രസിഡന്റ്് എന്‍.കെ. ജോസഫ് സമരാഗ്നിയെ സാക്ഷിയാക്കി സമര പ്രതിജ്ഞയ്ക്ക് നേതൃത്വം നല്കി. ആളൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പോള്‍ കോക്കാട്ട് സമരസന്ദേശം നല്കി.
പത്ത് ദിവസത്തിനുള്ളില്‍ അധികൃതരില്‍ നിന്നും അനുകൂല മറുപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ ഒരാള്‍ ഒരു പകല്‍ സത്യഗ്രഹം എന്ന പേരില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.