പാലപ്പിള്ളി കുണ്ടായിയില്‍ ഇന്നലെയും കാട്ടാനക്കൂട്ടമിറങ്ങി കൊക്കോകൃഷി നശിപ്പിച്ചു
1534045
Tuesday, March 18, 2025 2:19 AM IST
പാലപ്പിള്ളി: കുണ്ടായിയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും കാട്ടാനക്കൂട്ടം ഇറങ്ങി കണ്ണമ്പുഴ വര്‍ഗീസിന്റെ പറമ്പിലെ കൊക്കോ കൃഷി നശിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി 125 കൊക്കോ മരങ്ങളാണ് ആനക്കൂട്ടം നശിപ്പിച്ചത്. വിളവെടുത്ത് തുടങ്ങിയ മരങ്ങള്‍ നശിച്ചതോടെ കര്ഷകന് ദുരിതത്തിലായി. കുണ്ടായിയിലെ വീട് പ്രളയത്തില്‍ തകര്‍ന്നതോടെ വര്‍ഗീസ് കോടാലി മോനൊടിയിലാണ് താമസിക്കുന്നത്. പകല്‍സമയത്ത് പറമ്പില്‍ ഷെഡ് കെട്ടിയാണ് വര്‍ഗീസും കുടുംബവും കൃഷി പരിപാലിച്ചിരുന്നത്. ആനശല്യം രൂക്ഷമായതോടെ രാത്രികാലങ്ങളില്‍ ഇവിടെ താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
രാവിലെ പറമ്പില്‍ എത്തിയപ്പോഴാണ് ആനക്കൂട്ടം കൃഷി നശിപ്പിച്ചതു കണ്ടത്. പുഴയോടു ചേര്‍ന്നുള്ള പറമ്പിലേക്ക് പുഴകടന്നാണ് ആനകള്‍ എത്തുന്നത്.പറമ്പിലെ ഭൂരിഭാഗവും കൊക്കോ മരങ്ങളും നശിച്ചതോടെ ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് നേരിട്ടത്. കൃഷിയിലൂടെ ഉപജീവനം നടത്തുന്ന വര്‍ഗീസ് ഇനി എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. ജനവാസമേഖലയില്‍ മാസങ്ങളായി തമ്പടിച്ചിരിക്കുന്ന ആനക്കൂട്ടം പ്രദേശത്ത് വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിട്ടും വനപാലകര്‍ വേണ്ടത്ര നടപടികള്‍ എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കര്‍ഷിക വിളകള്‍ നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വനംവകുപ്പ് ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.