സ്വർണക്കോലത്തിൽ എഴുന്നെള്ളി ഗുരുവായൂരപ്പൻ
1533531
Sunday, March 16, 2025 6:22 AM IST
ഗുരുവായൂർ: ഉത്സവത്തിന്റെ ആറാംദിനമായ ഇന്നലെ ഗുരുവായൂരപ്പൻ സ്വർണക്കോലത്തിൽ എഴുന്നെള്ളി.
ഉച്ചതിരിഞ്ഞുനടന്ന കാഴ്ചശീവേലിക്ക് കൊന്പൻ നന്ദൻ സ്വർണക്കോലമേറ്റി. ശാന്തിയേറ്റ കീഴ്ശാന്തി മുളമംഗലം ഹരി നന്പൂതിരി ആനപ്പുറമേറി. കൊന്പൻമാരായ ഗോപീകണ്ണൻ, അക്ഷയ് കൃഷ്ണൻ ഇരുവശവും അണിനിരന്നു. കാഴ്ചശീവേലിയുടെ നാലാമത്തെ പ്രദക്ഷിണത്തിനാണ് സ്വർണക്കോലമേറ്റിയത്.
തനിത്തങ്കത്തിൽതീർത്ത് വീരശൃംഖലയും മരതകവും പതിച്ച സ്വർണക്കോലം വിശേഷദിവസങ്ങളിൽ മാത്രമേ എഴുന്നള്ളിക്കാറുള്ളൂ. ഇന്നലെ കാഴ്ചശീവേലി എഴുന്നള്ളിപ്പിനു പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ മേളം അകന്പടിയായി. രാവിലെ നടന്ന കാഴ്ചശീവേലിക്കു വകകൊട്ടൽ ചടങ്ങ് നടന്നു. എഴുന്നെള്ളിപ്പ് വടക്കേനടയിലെത്തിയപ്പോൾ മേളപ്രമാണി പെരുവനം കുട്ടൻമാരാരുടെ നിർദേശപ്രകാരം വകകൊട്ടൽ ആരംഭിച്ചു. വകകൊട്ടിൽ പങ്കെടുത്ത മേളകലാകാരന്മാർക്ക് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയന് ഓണപ്പുടവ സമ്മാനിച്ചു.
പണ്ട് ഉത്സവത്തിന്റെ ആറാംവിളക്ക് സാമൂതിരിയുടെ വകയാണ്. മേളം വടക്കേനടയിലെത്തുന്പോൾ പ്രാഗത്ഭ്യം തെളിയിച്ച് വക കൊട്ടൽ നടന്നിരുന്നു. പ്രാഗത്ഭ്യം തെളിയിക്കുന്ന കലാകാരന്മാർക്കു സാമൂതിരി പാരിതോഷികം നൽകിയിരുന്നു. ഇതിനെ അനുസ്മരിക്കുന്നതിനാണ് ആറാംവിളക്ക് ദിവസം വകകൊട്ടൽ ചടങ്ങ് നടത്തുന്നത്. ആറാട്ടുവരെയുള്ള ദിവസങ്ങളിൽ സ്വർണക്കോലമാണ് എഴുന്നള്ളിക്കുക. ചൊവ്വാഴ്ച പള്ളിവേട്ടയാണ്. ബുധനാഴ്ച ആറാട്ടിനുശേഷം കൊടിയിറക്കത്തോടെ ഉത്സവത്തിനു സമാപനമാവും.