കോർപറേഷൻ കൗണ്‍സിലിൽ വനിതാ അംഗങ്ങളുടെ പ്രതിഷേധം
1534044
Tuesday, March 18, 2025 2:19 AM IST
തൃശൂർ: കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ ബിജെപി കൗണ്‍സിലറുടെ സ്ത്രീവിരുദ്ധപരാമർശത്തിൽ വൻപ്രതിഷേധം. ബിജെപി കൗണ്‍സിലർ വിനോദ് പൊള്ളാഞ്ചേരിയെ വളഞ്ഞ് വനിതാ കൗണ്‍സിലർമാർ പ്രതിഷേധിച്ചു. പരാമർശം പിൻവലിക്കണമെന്നും മാപ്പുപറയണമെന്നും മേയറും എൽഡിഎഫ് കൗണ്‍സിലർമാരും ആവശ്യപ്പെട്ടു. അരമണിക്കൂറോളം നീണ്ട വാഗ്വാദങ്ങൾക്കൊടുവിൽ വിനോദ് പരമാർശം പിൻവലിച്ചതോടെയാണ് രംഗം ശാന്തമായത്.
കഴിഞ്ഞതവണ ചേർന്ന അടിയന്തര കൗണ്സിൽയോഗത്തിനിടെയായിരുന്നു വിനോദ് പൊള്ളാഞ്ചേരി അമ്മവേഷത്തിൽ എത്തിയത്. സാക്ഷ്യപത്രം വാങ്ങാനായി എത്തിയ ഡിവിഷൻ അംഗത്തെ മേയർ അപമാനിച്ചുവിട്ടെന്ന് ആരോപിച്ചായിരുന്നു വ്യത്യസ്തസമരമുറയുമായി വിനോദ് വന്നത്. അന്നു ചെയ്ത സമരരീതി ശരിയല്ലെന്ന കോണ്‍ഗ്രസിന്റെയും എൽഡിഎഫിന്റെയും നിലപാടിനിടെയാണ് കോണ്‍ഗ്രസ് സ്ത്രീകളെ കാണുന്നതു കച്ചവടവസ്തുവായാണ് എന്ന പരാമർശം കൗണ്സിലറിൽനിന്നുണ്ടായത്.
തുടർന്ന് വനിതാ യുഡിഎഫ് കൗണ്‍സിലർമാർ പ്രതിഷേധവുമായി വിനോദിനെ വളയുകയായിരുന്നു. കൗണ്‍സിലർക്കു നാക്കുപിഴ സംഭവിച്ചതാകാമെന്നും അതു പിൻവലിച്ചു മാപ്പുപറയണമെന്നും മേയർ എം.കെ. വർഗീസും ആവശ്യപ്പെട്ടു. എന്നാൽ, അങ്ങനെയല്ലെന്നുപറഞ്ഞ് വിവാദ വാക്ക് ആവർത്തിച്ചതോടെ പ്രതിഷേധം ആളിക്കത്തി. എൽഡിഎഫ് കൗണ്‍സിലർമാരും പരാമർശം പിൻവലിക്കണമെന്ന് ആവശ്യം ഉയർത്തി. ഒടുവിൽ വാക്കു പിൻവലിക്കുന്നുവെന്ന് അറിയിച്ചതോടെ രംഗം ശാന്തമായി.
ഐ.എം. വിജയനു കോർപറേഷൻ പൗരസ്വീകരണം നൽകും
തൃശൂർ: പദ്മശ്രീ നേടിയ ഐ.എം. വിജയനു കോർപറേഷൻ ഉജ്വലസ്വീകരണം നൽകുമെന്നും നിലവിൽ അദ്ദേഹത്തിന്റെ സമയത്തിനായി കാത്തിരിക്കുകയാണെന്നും മേയർ കോർപറേഷൻ കൗൺസിലിൽ അറിയിച്ചു. സമയപ്രശ്നം ചൂണ്ടിക്കാട്ടിയതിനാലാണു സ്വീകരണം വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പദ്മശ്രീ നേടി ഇത്രദിവസം പിന്നിട്ടിട്ടും വിജയനു കോർപറേഷൻ സ്വീകരണം നൽകിയില്ലെന്ന പ്രതിപക്ഷാരോപണത്തിനു മറുപടി നൽകുകയായിരുന്നു മേയർ. കോർപറേഷൻ സ്റ്റേഡിയത്തിന്റെ പരിതാപകാരമായ അവസ്ഥയ്ക്കു കാരണം കോർപറേഷനല്ലെന്നും ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ സ്റ്റേഡിയത്തിനായി അനുവദിച്ച 13 കോടി രൂപ ലഭിക്കുന്നതിലുള്ള കാലതാമസമാണു പരിപാലനം വൈകാൻ ഇടയാക്കിയതെന്നും ഫണ്ട് ലഭിച്ചാൽ ഉടൻ ട്രാക്കും മൈതാനവും അടക്കം വലിയ വികസനപ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും മേയർ അറിയിച്ചു.