"ആനയെഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗം' സുപ്രീംകോടതി പരാമർശം ആശ്വാസം
1534042
Tuesday, March 18, 2025 2:19 AM IST
സ്വന്തം ലേഖകൻ
തൃശൂർ: പ്രസിദ്ധമായ തൃശൂർ പൂരത്തിന് 50 ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ സുപ്രധാന പരാമർശം ആശ്വാസമാകുന്നു. ആനയെഴുന്നള്ളിപ്പുകൾ സംസ്കാരത്തിന്റെ ഭാഗമാണെന്നാണ് സുപ്രീം കോടതിയുടെ പരാമർശം.
ആന എഴുന്നള്ളിപ്പുകളുമായി ബന്ധപ്പെട്ട് അടിക്കടി വന്നുകൊണ്ടിരുന്ന നിയമതടസങ്ങളും നിബന്ധനകളും തൃശൂർ പൂരം ഉൾപ്പെടെയുള്ള ഉത്സവപ്പൂരാഘോഷങ്ങൾക്കു വലിയ തടസമായിരുന്നു. ഈ തടസങ്ങളും നിയമക്കുരുക്കുകളും നീങ്ങിക്കിട്ടാനായി ഓരോ പൂരക്കാലത്തും കോടതി കയറിയിറങ്ങേണ്ട സ്ഥിതിയാണ്. വർഷങ്ങളായി നടന്നുവന്നിരുന്ന പല പ്രമുഖ ക്ഷേത്രങ്ങളിലെയും ആന എഴുന്നള്ളിപ്പുകൾവരെ നിയമനൂലാമാലയിൽ കുടുങ്ങുകയാണ്.
അപ്രായോഗികവും അശാസ്ത്രീയവുമായിട്ടുപോലും, പല ക്ഷേത്രങ്ങളിലും ആന എഴുന്നള്ളിപ്പുകൾ ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം നടത്തുകയും ചെയ്തു. എന്നാൽ, അപ്പോഴെല്ലാം തൃശൂരിലെ ആനക്കമ്പക്കാർ ഇതിനെല്ലാമെതിരേ ശബ്ദം ഉയർത്തുകയും നിയമ പോരാട്ടത്തിന് ഇറങ്ങുകയും ചെയ്തിരുന്നു.
തൃശൂർ പൂരപ്രേമിസംഘമാണ് ഈ പോരാട്ടത്തിന്റെ മുന്നിൽനിന്നത്. തൃശൂർ പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങൾ ആനയെഴുന്നള്ളിപ്പിൽ ഇളവുകൾ തേടി കോടതിയെ സമീപിച്ചിരുന്നു. ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിപ്പിക്കുന്നതു സംബന്ധിച്ച ഹൈക്കോടതിവിധി കേരളത്തിലെ ഉത്സവ പൂരാഘോഷങ്ങളെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ സുപ്രീം കോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്തത്. ആനഎഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗമാണെന്നു പരാമർശിച്ചതോടൊപ്പം, ഇതു പൂർണമായി തടയാനുള്ള നീക്കമാണെന്നു തോന്നുന്നതായും സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് നാഗരത്ന വിമർശിച്ചു. ഹൈക്കോടതി നടപടിക്കെതിരേ വിശ്വ ഗജസമിതി നൽകിയ പരാതിയിലാണ് പരാമർശവും നടപടിയും ഉണ്ടായിരിക്കുന്നത്.