മാത്തൂർ പാടശേഖരത്തിലേക്കുള്ള നീർച്ചാൽ മണ്ണിട്ടുനികത്തുന്നതിനെതിരേ പ്രതിഷേധം
1533599
Sunday, March 16, 2025 7:29 AM IST
എരുമപ്പെട്ടി: കടങ്ങോട് ഗ്രാമപഞ്ചാത്തിലെ വാർഡ് 15 ൽ ഉൾപ്പെടുന്ന പുതിയ മാത്തൂർ പാടശേഖരത്തിലേക്കുള്ള നീർച്ചാൽ സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തുന്നതിനെതിരെ പ്രതിഷേധം. എൽ ഡിഎഫ് പഞ്ചായത്ത് ഭരണ സമിതി ഇതിന് കൂട്ട് നിൽക്കുകയാണെന്നാരോപിച്ച് കോൺഗ്രസ് രംഗത്തെത്തി.
പുതിയ മാത്തൂർ പാടശേഖര കമ്മറ്റിയിൽ ഉൾപ്പെടുന്ന സ്ഥലത്തെ നീർച്ചാൽ സ്വകാര്യവ്യക്തിയുടെ നിലത്തിനോടുചേർന്നാണ് കിടക്കുന്നത്. മഴക്കാലത്ത് പാടശേഖരത്തിലേക്കു വെള്ളം ഒഴികിയിരുന്ന കൽക്കഴ എന്ന പേരിൽ അറിയപ്പെടുന്ന നീർച്ചാൽ സ്വകാര്യവ്യക്തി വലിയ രീതിയിൽ മണ്ണിട്ട് നികത്തി ക്കൊണ്ടിരിക്കുകയാണ്.
കാർഷിക ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിരുന്ന നീർച്ചാൽ പഞ്ചായത്ത് ഭരണസമിതിയുടെയും പ്രസിഡന്റിന്റെയും മൗനാനുമതിയോടെയാണ് നികത്തുന്നതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷറഫു പന്നിത്തടം ആരോപിച്ചു. കോൺഗ്രസിന്റെപരാതി പ്രകാരം വില്ലേജ്, കൃഷി ഓഫീസർമാർ സ്ഥലം സന്ദർശിച്ചു. നികത്തലിനെതിരെ നടപടി സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി.
പഞ്ചായത്ത് പ്രസിഡന്റ്് ഇത്തരത്തിലുള്ള അനധികൃത പ്രവർത്തനങ്ങളും അഴിമതികളും കണ്ടില്ലെന്നു നടിക്കുകയാണെങ്കിൽ ശക്തമായ പ്രതിഷേധസമരങ്ങൾക്ക് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് മണ്ഡലം വൈസ്പ്രസിഡന്റ്് വിഷ്ണു ചിറ മനേങ്ങട് അറിയിച്ചു.