ഗുരുവായൂരിൽ ഇന്ന് ഉത്സവബലി, പള്ളിവേട്ട നാളെ
1533735
Monday, March 17, 2025 1:57 AM IST
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ചു പ്രധാനചടങ്ങായ ഉത്സവബലി ഇന്നുനടക്കും.
ഉത്സവത്തിന്റെ എട്ടാംദിവസമാണ് ഉത്സവബലി. രാവിലെ പന്തീരടിപൂജയ്ക്കുശേഷമാണ് ചടങ്ങ് തുടങ്ങുക. ഭഗവാന്റെ ഭൂതഗണങ്ങളെ മുഴുവന്‍ പാണികൊട്ടിവരുത്തി ബലിതൂകി തൃപ്തിപ്പെടുത്തുന്നതാണ് ചടങ്ങ്. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നേതൃത്വംനല്കും. ഉത്സവബലി നടക്കുന്നതിനാല്‍ ഇന്നുരാവിലെ മുതല്‍ ദര്‍ശനത്തിന് നിയന്ത്രണമുണ്ടാകും.
ഇന്ന് ദേശപ്പകർച്ചയും നടക്കും. ഉത്സവലിദിവസം ആരും പട്ടിണികിടക്കരുതെന്നുദ്ദേശിച്ച് പക്ഷിമൃഗാദികൾക്കുപോലും അന്നംനൽകും. പായസമുൾപ്പെടെയുള്ള സദ്യവട്ടമാണ് നൽകുക. നാളെയാണ് ഗുരുവയൂരപ്പന്റെ പള്ളിവേട്ട. ഗുരുവായൂരപ്പന് ശ്രീലകംവിട്ട് ഗ്രാമപ്രദക്ഷിണത്തിനായി പുറത്തേക്കെഴുന്നെള്ളും.
വൈകിട്ട് അഞ്ചിന് ശ്രീഭൂതബലി. തുടർന്ന് കൊടിമരത്തിനുസമീപം ഭഗവാനെ എഴുന്നള്ളിച്ചുവയ്ക്കും. പള്ളിവേട്ടക്കും ആറാട്ടിനും കൊടിമരത്തിനുസമീപം പഴുക്കാമണ്ഡപത്തിലാണ് ദീപാരാധന. കീഴ്ശാന്തിയാണ് ചടങ്ങ് നിർവഹിക്കുന്നത്.
ദീപാരാധനയ്ക്കുശേഷം ഭഗവാൻ പുറത്തേക്കെഴുന്നെള്ളും. പെരുവനം കുട്ടൻ മാരാരുടെ മേളം അകമ്പടിയാകും. നിറപറ ഒരുക്കി ഭക്തർ വരവേൽക്കും. എഴുന്നള്ളിപ്പ് കുളപ്രദക്ഷിണം പൂർത്തിയാക്കിയശേഷം പള്ളിവേട്ട നടക്കും.
പള്ളിവേട്ടയ്ക്ക് നിയോഗിച്ച പിടിയാന ദേവിയുടെ പുറത്ത് ഭഗവാന്റെ തിടമ്പ് എഴുന്നള്ളിച്ച് കിഴക്കേഗോപുരത്തിലേക്ക് കൊണ്ടുവരും. പക്ഷിമൃഗാദികളുടെ വേഷം കെട്ടിയ ഭക്തർ മുന്നിലും ഭഗവാന് ആനപ്പുറത്ത് പിന്നിലുമായി ഒമ്പത് ഓട്ടപ്രദക്ഷിണം പൂര്‍ത്തിയാക്കും. അവകാശിയായ പന്നിയെ മുളന്തണ്ടിലേറ്റി കൊണ്ടുപോകുന്നതോടെ പള്ളിവേട്ട പൂര്‍ത്തിയാകും.
പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിതനായ ഭഗവാന് ക്ഷേത്രത്തിനുപുറത്താണ് പള്ളിക്കുറിപ്പുകൊള്ളുക. ബുധനാഴ്ച ആറാട്ടിനുശേഷം കൊടിയിറങ്ങുന്നതോടെ ഉത്സവത്തിന് സമാപനമാവും.
ക്ഷേത്രോത്സവത്തിൽ ഇന്നത്തെ പരിപാടികൾ
ക്ഷേത്രത്തിനകത്ത്
രാവിലെ 7-8: കാഴ്ചശീവേലി
8-9: പാലഭിഷേകം, നവകം, പന്തീരടിപൂജ
9-4: ഉത്സവബലി, ഉത്സവബലി ദർശനം, ഉച്ചപൂജ ദർശനം
വൈകിട്ട് 4- 8.30: ശിവേലി, ദീപാരാധന, അത്താഴപൂജ
രാത്രി 8.30-1: ശ്രീഭൂതബലി, വടക്കേനടയ്ക്കൽ എഴുന്നള്ളിച്ചുവയ്ക്കൽ, തായമ്പക, കൊമ്പുപറ്റ്, കുഴൽപറ്റ്, ശീവേലി,വിളക്ക്
മേൽപുത്തൂർ
ഓഡിറ്റോറിയം
രാവിലെ 5-6: അഷ്ടപദി, ജയദേവൻ ആലുവ
6-8: നാഗസ്വരക്കച്ചേരി, പൊള്ളാച്ചി വി.എസ്. മുത്തുവീരാസ്വാമിയും സംഘവും
8-9: ഭക്തിഗാനസുധ, ശ്രീരഞ്ജിനി കലാക്ഷേത്ര തൃപ്രയാർ
9-10: ഉപനിഷദ് പ്രഭാഷണം, കൃഷ്ണകുമാർ
10-11.30: തുള്ളൽത്രയം, കലാമണ്ഡലം സുരേഷ് കാളിയത്ത്
11.30-12.30: നൃത്തം, തലക്കോട്ടുകര ക്ഷേത്ര മാതൃസമിതി
12.30-1.30: ഭരതനാട്യം, സി.എസ്. അനു ബംഗളൂരു
1.30-3: ശ്രീകൃഷ്ണകഥാമൃതം നൃത്തശിൽപ്പം, കാലടി ശ്രീശങ്കര
സ്കൂൾ ഓഫ് ഡാൻസ്.
3-4.30: ഫ്യൂഷൻ, മള്ളിയൂർ ശങ്കരൻനമ്പൂതിരി
4.30- 5: മോഹിനിയാട്ടം, സുമരാജ് മേനോൻ ഇടപ്പള്ളി
6-8: ഭരതനാട്യം,
നടി നവ്യ നായർ.
വേദി വൈകുണ്ഠം
5 -6: നാടൻപാട്ടുകളുടെ
ദൃശ്യാവിഷ്കാരം, ശ്രീരുദ്ര
കൊടുങ്ങല്ലൂർ
വേദി വൈഷ്ണവം
8-10: കർണാമൃതം, മെഗാ
ക്ലാസിക്കൽ ഫ്യൂഷൻ
വേദി വൃന്ദാവനം
രാവിലെ എട്ടു മുതൽ വിവിധ സംഘങ്ങളുടെ
തിരുവാതിരക്കളി
ഇന്നത്തെ തായമ്പക
1. ഗുരുവായൂർ കൃഷ്ണപ്രസാദ്, ഗുരുവായൂർ വിഷ്ണുപ്രസാദ് മാരാർ, കാർത്തിക് ജെ.മാരാർ. 2. മഞ്ചേരി ഹരിദാസ്, ഗുരുവായൂർ ശശിമാരാർ. 3. കല്ലൂർ രാമൻകുട്ടിമാരാർ.
ഉത്സവ തായമ്പകയും കലാപരിപാടികളും
ഇന്ന് സമാപിക്കും
ഗുരുവായൂര്‍: ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾക്കും ക്ഷേത്രത്തിനുള്ളിലെ ഉത്സവ തായമ്പകയ്ക്കും ഇന്ന് സമാപനമാവും. ഉത്സത്തോടനുബന്ധിച്ച് കഴിഞ്ഞ ഏഴുദിവസങ്ങളിലായി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലും പ്രത്യേകം തയാറാക്കിയ വേദികളിലുമായി വൈവിധ്യമാർന്ന കലാപരിപാടികളാണ് അരങ്ങേറിയത്.
ഇന്ന് സന്ധ്യക്ക് നടി നവ്യാനായരുടെ ഭരതനാട്യം അരങ്ങേറും. വയലിൻവിദ്വാൻ സി.എസ്. അനുരൂപിന്റെ നേതൃത്വത്തിൽ കലാകാരന്മാർ അണിനിരക്കുന്ന മെഗാ ക്ലാസിക്കൽ ഫ്യൂഷനോടെ കലാപരിപാടികൾ സമാപിക്കും. നാളെയും മറ്റന്നാളും രാവിലെ അഷ്ടപദി, നാഗസ്വരക്കച്ചേരി, ഭക്തിപ്രഭാഷണം എന്നിവ നടക്കും.
ക്ഷേത്രത്തിനുളളില്‍ ശ്രീഭൂതബലിക്കുശേഷമുള്ള തായമ്പകയ്ക്കും ഇന്ന് സമാപനമാവും. ഇന്നലെ അവസാന തായമ്പകയിൽ മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ്, ചിറയ്ക്കൽ നിധീഷ് എന്നിവർ ട്രിപ്പിൾ തായമ്പക അവതരിപ്പിച്ചു.