മാലിന്യം വലിച്ചെറിഞ്ഞാൽ പണികിട്ടും; തെളിവുകൊടുത്താൽ പണം കിട്ടും
1533736
Monday, March 17, 2025 1:57 AM IST
സ്വന്തം ലേഖകൻ
തൃശൂർ: പൊതുഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കു കൈയോടെ പണി കൊടുക്കാനുറച്ച് തദ്ദേശ സ്വയംഭരണവകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സക്വാഡ്.
മാലിന്യമുക്തം നവകേരളം കാന്പയിനിന്റെ ഭാഗമായി കർശനനടപടിയുമായി സ്ക്വാഡ് രംഗത്തിറങ്ങിയതിനാൽ, തഞ്ചത്തിൽ മാലിന്യം വഴിയരികിൽ വലിച്ചെറിയുന്നവർ സൂക്ഷിക്കുക. നിങ്ങൾ വലിച്ചെറിഞ്ഞ മാലിന്യം തലനാരിഴകീറി പരിശോധിച്ച് എറിഞ്ഞ ആളെ സ്ക്വാഡ് കണ്ടെത്തും. സ്ക്വാഡിൽ ഇതിനായി പ്രത്യേക പരിശീലനം ലഭിച്ചവരുണ്ട്. വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും വലിച്ചെറിയുന്ന മാലിന്യം പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു വലിച്ചെറിയുന്നവരെ കണ്ടെത്തി നോട്ടീസ് നൽകി പിഴ ഈടാക്കുന്ന നടപടി തുടങ്ങിക്കഴിഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ പലരും പിടിക്കപ്പെടുകയും വഴിയരികിൽ വലിച്ചെറിഞ്ഞ മാലിന്യം അവരെക്കൊണ്ടുതന്നെ തിരിച്ചെടുപ്പിച്ച് പിഴ ഈടാക്കുകയും ചെയ്തു.
അയ്യന്തോൾ റോഡ് പരിസരത്ത് മാലിന്യം നിക്ഷേപിച്ച ആളെ കഴിഞ്ഞദിവസം നടന്ന പരിശോധനയിൽ കണ്ടെത്തി അയാളുടെ സ്ഥാപനത്തിൽ നേരിട്ടുപോയി നോട്ടീസ് നൽകി. കേരള പഞ്ചായത്ത് രാജ് ആക്ട്, കേരള മുനിസിപ്പൽ ആക്ട് പ്രകാരമാണു നോട്ടീസ് നൽകി പിഴ ഈടാക്കുന്നത്. വിവിധ ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി മാലിന്യസംസ്കരണം ശരിയായ രീതിയിൽ നടത്താത്തവർക്കെതിരേയും നടപടിയെടുക്കുന്നുണ്ട്.
ജൈവ-അജൈവ മാലിന്യം തരംതിരിക്കാതെ കൂട്ടിയിട്ടുകത്തിക്കൽ, കടകളുടെ പരിസരത്തുതന്നെ മാലിന്യംനിക്ഷേപിക്കൽ, ദ്രവമാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കാതെ ഒഴുക്കൽ, നിഷ്കർഷിച്ചിട്ടുള്ള രീതിയിൽ മാലിന്യം സംസ്കരിക്കാതിരിക്കൽ എന്നീ നിയമലംഘനങ്ങൾ പലയിടത്തും നടക്കുന്നത് ഇതിനകം സ്ക്വാഡ് കണ്ടെത്തിക്കഴിഞ്ഞു. പലയിടത്തും പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതും കണ്ടെത്തി. മാലിന്യം പൊതുഇടങ്ങളിൽ വലിച്ചെറിയുന്നതു സ്ക്വാഡ് പിടിച്ചാൽ പണം പോകുമെന്ന് ഉറപ്പാണ്. എന്നാൽ മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ എന്നിവ കണ്ടാൽ തെളിവുകളോടെ 9446700800 എന്ന വാട്സാപ്പ് നന്പറിൽ അയച്ചാൽ ഈ കേസിൽ പിഴ അടയ്ക്കുന്ന തുകയുടെ 25 ശതമാനം അല്ലെങ്കിൽ പരമാവധി 2500 രൂപ വിവരം നൽകുന്നയാൾക്കു പാരിതോഷികമായി ലഭിക്കും.
ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ടീം ലീഡർ രജിനേഷ് രാജൻ, ടീം അംഗം ജസ്റ്റിൻ സെബാസ്റ്റ്യൻ, തൃശൂർ കോർപറേഷൻ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഷാജു, വിവിധ തദ്ദേശഭരണസ്ഥാപനങ്ങളുടെ കീഴിൽ വരുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണു സ്ക്വാഡിന്റെ പ്രവർത്തനം.