പ്രാദേശിക വികസനപദ്ധതി വിനിയോഗം: പുരോഗതി വിലയിരുത്തി കെ. രാധാകൃഷ്ണൻ എംപി
1533020
Saturday, March 15, 2025 1:34 AM IST
പഴയന്നൂർ: ആലത്തൂർ പാർലമെന്റ്് മണ്ഡലത്തിലെ എംപി പ്രാദേശിക വികസന നിധിയുടെ വിനിയോഗം കെ. രാധാകൃഷ്ണൻ എംപി വിലയിരുത്തി. ജില്ലാ കളക്ടർ ജി. പ്രിയങ്ക. അധ്യക്ഷത വഹിച്ചു. 2024 - 25 സാമ്പത്തിക വർഷത്തിൽ ആകെ 65 പ്രവൃത്തികളാണ് മണ്ഡല ത്തിൽ നടപ്പിലാക്കുന്നത്. പരിമിതമായ ഫണ്ട് ഉപയോഗിച്ച് വിവിധങ്ങളായ മേഖലകളിൽ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് എംപി അറിയിച്ചു.
വിദ്യാഭ്യാസ മേഖലയിൽ തൃശൂർ ഗവ. നഴ്സിംഗ് കോളജിന് ബസ് വാങ്ങുവാൻ 33 ലക്ഷം രൂപയും മായ ന്നൂർ നവോദയ സ്കൂളിന് കമ്പ്യൂട്ടർ ലാബ് ഒരുക്കാൻ 12.5 ലക്ഷം രൂപയും ചിറ്റൂർ ഗവ. കോളജിന് കമ്പ്യൂട്ടർ ലാബ് ഒരുക്കാൻ 20 ലക്ഷം രൂപയും ആലത്തൂർ എഎസ്എംഎച്ച് സ്കൂളിന് ബസ് വാങ്ങുവാൻ 20 ലക്ഷം രൂപയും അടക്കം ആകെ ഒരു കോടി 10 ലക്ഷം രൂപയും അടിസ്ഥാന സൗകര്യ വികസനത്തിൽ ഉൾപ്പെടുത്തി.
കാട്ടകാന്പാലിൽ പുല്ലൂർ പാടം റോഡ് നിർമാണത്തിനായി 25 ലക്ഷം രൂപയും കടവല്ലൂരിൽ കുറുവൻനഗർ റോഡ് നിർമാണത്തിനായി 15 ലക്ഷം രൂപയും പെരിങ്ങോട്ടുകുറിശിയിൽ കല്ലങ്കാട് ഫാം റോഡ് നിർമാണത്തിനായി 15 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 75 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിൽ തകർന്ന ചേലക്കരയിലെ ചീരക്കുഴി ഇറിഗേഷൻ കനാൽ നവീകരണത്തിന് 50 ലക്ഷം രൂപയും കാവശേരിയിൽ ചേരിക്കൽ നഗർ കുടിവെള്ള പദ്ധതി സ്ഥാപിക്കുവാൻ 15 ലക്ഷം രൂപയും അനുവദിച്ചു.
വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ഒപി ട്രാൻസ്ഫർമേഷൻ ബ്ലോക്കിൽ ലിഫ്റ്റ് സ്ഥാപിക്കാൻ 51 ലക്ഷം രൂപ അനുവദിച്ചു. കൂടാതെ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുവാൻ 1.07 കോടി രൂപയും അനുവദിച്ചു.
ആകെ പ്രവൃത്തികളിൽ 11 പ്രവൃത്തികൾക്ക് ഭരണാനുമതി നിലവിൽ ലഭിച്ചിട്ടുണ്ടെന്നും മറ്റു പ്രവൃത്തികൾ വിവിധഘട്ടങ്ങളിൽ എത്തി നിൽക്കുകയാണെന്നും എംപി അറിയിച്ചു.
നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ എംപി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
തൃശൂർ ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.ആർ. മായ, പാലക്കാട് ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ പി.ആർ. രത്നേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.