ഗുരുവായൂരപ്പൻ ഇന്നുമുതൽ സ്വര്‍ണക്കോലത്തിൽ
1533013
Saturday, March 15, 2025 1:34 AM IST
ഗുരുവായൂര്‍: ഉത്സവത്തിന്റെ ആറാം ദിവസമായ ഇന്നുമുതല്‍ വിശേഷമായ സ്വര്‍ണക്കോലം എഴുന്നള്ളിച്ചുതുടങ്ങും. വൈകീട്ട് മൂന്നിനു നടക്കുന്ന കാഴ്ചശീവേലിക്കാണ് എഴുന്നള്ളിപ്പ് തുടങ്ങുക. കൊമ്പന് നന്ദൻ ആദ്യദിവസം സ്വര്‍ണക്കോലമേറ്റും.
ഉത്സവത്തിന്റെ അവസാന അഞ്ചു ദിവസങ്ങളിലും ഏകാദശി, അഷ്ടമിരോഹിണി തുടങ്ങിയ ദിവസങ്ങളിലുമാണ് സ്വര്‍ണക്കോലമെഴുന്നള്ളിക്കുന്നത്. ഒരു കിലോയിലധികം തനി സ്വര്‍ണത്തില്‍ തീര്‍ത്ത്, വിശേഷപ്പെട്ട രത്നങ്ങള്‍ പതിച്ച വീരശൃംഖല ചാര്‍ത്തിയിട്ടുള്ള സ്വര്‍ണക്കോലം വിലമതിക്കാനാവാത്തതാണ്.
പണ്ടുകാലത്ത് ആറാം ദിവസത്തെ ഉത്സവത്തിന്റെ ചെലവ് പുന്നത്തൂര്‍ കോവിലകമായിരുന്നു വഹിച്ചിരുന്നത്. അന്നു നടക്കുന്ന കാഴ്ചശീവേലിക്ക് കോവിലകത്തെ വലിയ തമ്പുരാന് നേരിട്ട് എഴുന്നള്ളുകയും, കാഴ്ചശീവേലി വടക്കേ നടയ്ക്കലെത്തുമ്പോള്‍ മേളത്തില്‍ പ്രാഗത്ഭ്യം തെളിയിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ സ്മരണ പുതുക്കി ഇന്നു രാവിലെ കാഴ്ചശീവേലിക്ക് വകകൊട്ടല്‍ ചടങ്ങ് നടക്കും.
ഉത്സവത്തിന്റെ എട്ടാം വിളക്ക് ദിവസമായ തിങ്കളാഴ്ച ഉത്സവബലി നടക്കും. അദൃശ്യ ദേവതകളെ മന്ത്രപുരസരം ക്ഷണിച്ച് പൂജയും നിവേദ്യവും സമര്‍പ്പിക്കുന്നതാണ് ചടങ്ങ്. രാവിലെ ശീവേലിക്കും പന്തീരടി പൂജയ്ക്കും ശേഷം ഉത്സവബലി ആരംഭിക്കും. നാലമ്പലത്തിനകത്ത് 11ഓടെ സപ്തമാതൃക്കള്‍ക്ക് ബലിതൂവുന്ന സമയത്ത് ഗുരുവായൂരപ്പനെ എഴുന്നള്ളിച്ചുവയ്ക്കും. ഉത്സവബലി ദിനത്തിൽ പായസം ഉൾപ്പെടെയുള്ള വിഭവങ്ങളോടെ ദേശപ്പകർച്ചയാണ്.