തൃശൂർ പൂരം ഗംഭീരമാക്കും; മുന്നൊരുക്കങ്ങൾ കൃത്യം
1533012
Saturday, March 15, 2025 1:34 AM IST
സ്വന്തം ലേഖകൻ
അയ്യന്തോൾ: തൃശൂർ പൂരം പരാതികളില്ലാതെ പൊലിമയോടെ ഗംഭീരമാക്കാൻ മുന്നൊരുക്കങ്ങൾ തുടങ്ങിയതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.
പൂരം പരാതിരഹിതമായി പൊലിമയോടെ നടത്താൻ വളരെ നേരത്തേതന്നെ ഒരുക്കങ്ങൾ വിലയിരുത്തുകയാണെന്നും ഇത്തവണ പൂരം ഗംഭീരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുടമാറ്റത്തിനു സമയം നിശ്ചയിക്കും. വെടിക്കെട്ടിന്റെ ആശങ്കകൾ പരിഹരിക്കാൻ ശ്രമമുണ്ടാകും. ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ പെസോ ഉദ്യോഗസ്ഥരുമായി സംസ്ഥാന സർക്കാർ ചർച്ച നടത്തും. വെടിക്കെട്ടിന്റെ കാര്യത്തിൽ അകലം സംബന്ധിച്ച് വ്യക്തത വരുത്താനാണ് ചർച്ച.
വെടിക്കെട്ട് കാണാൻ ആളുകൾ കെട്ടിടങ്ങൾക്കു മുകളിൽ കയറിനിൽക്കുന്നതുകൊണ്ട് നഗരത്തിലെ കെട്ടിടങ്ങൾ ഫിറ്റാണോ എന്ന പരിശോധന കർശനമാക്കും. സിസിടിവി എല്ലാ മേഖലയിലും പോലീസ് സ്ഥാപിക്കും. പൂരം സമയത്ത് ലഹരിവ്യാപനം തടയാൻ പോലീസ് എക്സൈസ് സംയുക്ത പരിശോധന നേരത്തെ ആരംഭിക്കും. കർക്കശനടപടികൾ ഇക്കാര്യത്തിലെടുക്കും.
ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് നഗരം പെട്ടെന്നു വൃത്തിയാക്കിയതുപോലെ പൂരം കഴിഞ്ഞാലുടൻ തൃശൂർ നഗരം പെട്ടെന്ന് വൃത്തിയാക്കാൻവേണ്ട നടപടികളെടുക്കും. കോർപറേഷനും ശുചിത്വ മിഷനും മുൻകൈയെടുക്കും.
പൂരം വിജയകരമായി നടത്താൻ സംസ്ഥാന സർക്കാരും കൊച്ചിൻ ദേവസ്വം ബോർഡും കോർപറേഷനും ജില്ലയിലെ ജനപ്രതിനിധികളും ഒറ്റക്കെട്ടായാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇതുസംബന്ധിച്ച ആദ്യത്തെ യോഗം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു. രണ്ടാമത്തേതാണ് ഇന്നലെ നടന്നത്.
പൂരം പ്രദർശനത്തിന്റെ തറവാടകയുമായി ബന്ധപ്പെട്ട് സ്റ്റാറ്റസ്കോ നിലനിർത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനച്ചിട്ടുണ്ടെന്നും ഈ തീരുമാനം ഹൈക്കോടതിയെ അറിയിക്കാൻ ദേവസ്വം കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പൂരപ്രേമികളുടെ എണ്ണവും വരവും നിയന്ത്രിച്ച് സുരക്ഷയൊരുക്കുകയല്ല, മറിച്ച് പരമാവധി ആളുകളെ ഉൾക്കൊള്ളിച്ച് പൂരം വിജയകരമായി നടത്തുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ്ഗോപി, മന്ത്രിമാരായ ആർ. ബിന്ദു, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, മേയർ എം.കെ. വർഗീസ്, പി. ബാലചന്ദ്രൻ എംഎൽഎ, സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, റേഞ്ച് ഡിഐജി ഹരിശങ്കർ തുടങ്ങിയവർ പങ്കെടുത്തു.