ഫുൾചാർജ് നൽകിയില്ല; ബസിൽനിന്ന് വിദ്യാർഥികളെ ഇറക്കിവിട്ടതായി പരാതി
1532743
Friday, March 14, 2025 1:42 AM IST
കയ്പമംഗലം: ഫുൾചാർജ് നൽകാത്തതിന്റെ പേരിൽ സ്വകാര്യ ബസിൽനിന്നു വിദ്യാർഥികളെ വഴിയിൽ ഇറക്കിവിട്ടതായി പരാതി. ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥികൾക്കാണ് യാത്രാഇളവ് സമയമായിട്ടുപോലും മുഴുവൻ ചാർജും നൽകാത്തതിനാൽ പാതിവഴിയിൽ ഇറങ്ങേണ്ടിവന്നത്.
ഗുരുവായൂർ - കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന വീണാമോൾ ബസിലെ കണ്ടക്ടറാണ് എടമുട്ടം പാലപ്പെട്ടി വളവ് സ്റ്റോപ്പിൽവച്ച് വിദ്യാർഥികളെ ഇറക്കിവിട്ടത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ക്ലാസ് കഴിഞ്ഞ് ചെന്ത്രാപ്പിന്നി സെന്ററിൽനിന്നു രണ്ട് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളുമാണ് ബസിൽ കയറിയത്.
തുടർന്ന് കണ്ടക്ടർ എല്ലാവരോടും തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടു. ഇതിൽ ഒരു വിദ്യാർഥിനിയുടെ കൈവശംമാത്രമായിരുന്നു കാർഡുണ്ടായിരുന്നത്. സ്കൂൾ യൂണിഫോമിൽ ആയിരുന്നിട്ടുപോലും ബാക്കിയുള്ളവരോട് കണ്ടക്ടർ മുഴുവൻ ചാർജും നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഒരു വിദ്യാർഥിനി മുഴുവൻ ചാർജ് നൽകുകയുംചെയ്തു.
കാർഡില്ലായെങ്കിൽ കൺസഷൻ അനുവദിക്കാൻ പറ്റില്ലെന്നും മുഴുവൻ ചാർജ് നൽകിയില്ലെങ്കിൽ അടുത്ത സ്റ്റോപ്പിൽ ഇറങ്ങാൻ ബാക്കിയുള്ളവരോട് ആവശ്യപ്പെടുകയുമായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. കാർഡില്ലാത്തതിനാൽ തങ്ങളുടെ കൈവശമുണ്ടായിരുന്ന പരീക്ഷ ഹാൾടിക്കറ്റുൾപ്പെടെ വിദ്യാർഥികൾ കണ്ടക്ടറെ കാണിച്ചുവെങ്കിലും ഫലമുണ്ടായില്ല.
തങ്ങളുടെ കൈവശം കൺസഷൻ ചാർജ് മാത്രമേയുള്ളൂവെന്ന് വിദ്യാർഥികൾ പറഞ്ഞിട്ടുപോലും നിർബന്ധിച്ച് ഇവരെ പാലപ്പെട്ടി വളവ് സ്റ്റോപ്പിൽ ഇറക്കിവിടുകയായിരുന്നു. സ്റ്റോപ്പിന് സമീപം വാഹനപരിശോധന നടത്തിയിരുന്ന ഹൈവേ പോലീസ് സംഘത്തോട് വിദ്യാർഥികൾ ഇക്കാര്യം അറിയിക്കുകയും വലപ്പാട് സ്റ്റേഷനിൽ വിദ്യാർഥികൾ പരാതിനൽകുകയുംചെയ്തു.