നഗരസൗന്ദര്യവത്കരണം നടപ്പാക്കും
1532745
Friday, March 14, 2025 1:42 AM IST
ചാലക്കുടി: നഗരസഭയുടെ 2025-26 വാർഷികപദ്ധതിക്ക് വികസന സെമിനാർ അംഗീകാരംനൽകി. ബജറ്റ് വിഹിതമായി നഗരസഭയ്ക്ക് അനുവദിച്ചിട്ടുള്ള 21 കോടി രൂപയ്ക്കുപുറമെ തനത് ഫണ്ടും ഹെൽത്ത് ഗ്രാന്റ്, ശുചിത്വ മിഷൻ ഗ്രാന്റ് തുടങ്ങിയ ഫണ്ടുകളും ഉൾപ്പെടുന്നതാണ് ഈ വർഷത്തെ പദ്ധതികൾ.
ഇതോടൊപ്പം സ്വകാര്യ പങ്കാളിത്തംകൂടി ഉൾപ്പെടുത്തി വിവിധ പദ്ധതികളും തയാറാക്കി. ഉത്പാദനമേഖല 50 ലക്ഷം, പാർപ്പിടം 1.50 കോടി, വനിത 65 ലക്ഷം, കുട്ടികൾ, ഭിന്നശേഷിക്കാർ 32 ലക്ഷം, വയോജനങ്ങൾ 32 ലക്ഷം, റോഡ് 5.60 കോടി, കെട്ടിടങ്ങൾ ഉൾപ്പെടെ മറ്റുള്ളവയ്ക്ക് 3 കോടി എന്നിങ്ങനെയാണ് വികസന സെമിനാർ അംഗീകരിച്ച പദ്ധതിയിലെ തുക വകയിരുത്തൽ. മാർക്കറ്റിന്റെ നവീകരണം, കർഷകച്ചന്ത, തരിശുരഹിത ചാലക്കുടി, അതിദാരിദ്ര്യ നിർമാർജനം, സമഗ്ര വിദ്യാഭ്യാസപദ്ധതി, സ്നേഹസ്മൃതി, ഉണർവ് സാംസ്കാരികോത്സവം, കേരള ഉത്സവം, കലാഭവൻ മണി അനുസ്മരണം, നടുവം കവികൾ അനുസ്മരണം, ജോസ് പല്ലിശേരി അനുസ്മരണം, പ്രാഥമിക ശുശ്രൂഷാപരിശീലനം തുടങ്ങിയ വിവിധ പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്ത വികസന സെമിനാറിൽ ചെയർമാൻ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്സണ്‍ സി. ശ്രീദേവി, സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ ബിജു എസ്.ചിറയത്ത്, പ്രീതി ബാബു, ദിപു ദിനേശ്, ആനി പോൾ, എം എം. അനിൽകുമാർ, മുൻ ചെയർമാൻമാരായ വി.ഒ. പൈലപ്പൻ എബി ജോർജ്, ആലീസ് ഷിബു, പ്രതിപക്ഷനേതാവ് സി.എസ്. സരേഷ്, വാർഡ് കൗൺസിലർ നീത പോൾ, സെക്രട്ടറി കെ. പ്രമോദ്, നിപ്മർ പ്രതിനിധി സി. ചന്ദ്രബാബു, ആസൂത്രണസമിതി അംഗങ്ങളായ വി.ജി. ഗോപിനാഥ്, ഡോ. ജോസ് കുരിയൻ, കെ. ഗോപാലകൃഷ്ണൻ, വി.എൽ. ജോൺസൻഎന്നിവർ പ്രസംഗിച്ചു.
പദ്ധതികള്‍:
കുടിവെള്ളക്ഷാമമുള്ള വീടുകളിലേക്ക് വണ്ടികളിൽ കുടിവെള്ളം എത്തിക്കും
പട്ടണത്തിന്റെ വിവിധസ്ഥലങ്ങൾ പൊതുജനസഹകരണത്തോടെ ശുചിത്വത്തോടൊപ്പം സൗന്ദര്യവൽകരണവും നടത്തും.
സന്നദ്ധ സംഘടനകളുടേയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ മേൽപ്പാലങ്ങളുടേയും അടിപ്പാതകളുടേയും പാർക്കിംഗ് സ്ഥലങ്ങളും ഫുട്പാത്തുകളും പ്രധാന റോഡുകളുടെ ബെൽ മൗത്തുകളും മീഡിയനുകളും വഴിയോരങ്ങളും സൗന്ദര്യവൽകരിക്കും.
പൊതുജനസഹകരണത്തോടെ റോഡുകളുടെയും പ്രധാന സ്ഥാപനങ്ങളുടെയും പേരുകൾ സൂചിപ്പിക്കുന്ന സൈൻബോർഡുകൾ, കാമറകൾ, വളവുകളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള കണ്ണാടികൾ, സോളാർലൈറ്റുകൾ തുടങ്ങിയ സ്ഥാപിക്കും.
റെയിൽവേസ്റ്റേഷന്റെ പടിഞ്ഞാറുഭാഗത്തുനിന്ന് കിഴക്കേഭാഗത്തേക്ക് ജനങ്ങൾ കടന്നിരുന്ന ഫുട്ട് ഓവർബ്രിഡ്ജ് അറ്റകുറ്റപ്പണി നടത്തുന്നതിന് 20 ലക്ഷം രൂപ റെയിൽവേ ഡിപ്പാർട്ട്മെന്റിലേക്ക് ഡെപ്പോസിറ്റ് ചെയ്യും.
വ്യാപാരസ്ഥാപനങ്ങളുടെ സഹകരണത്തോടെ നഗരവീഥികളിലെ സൗന്ദര്യവൽകരണവും പരിപാലനവും നടത്തും.
നഗരസഭ പാർക്ക്, സർക്കാർ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസനവും സൗന്ദര്യവൽക്കരണവും.
തിന്മയുടെ ലഹരിക്കെതിരേ, നന്മയുടെ ലഹരിയിലേക്ക് എന്ന സന്ദേശവുമായി ചാലക്കുടിയുടെ നന്മലഹരി എന്ന നൂതന പദ്ധതി നടപ്പാക്കും.
യുവജനങ്ങൾക്കും വിദ്യാർഥികൾക്കുമായി ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ, ഷട്ടിൽ, നീന്തൽ എന്നീ തുടർ പരിശീനപരിപാടികൾ നടത്തും.
ഇൻഡോര്‍ സ്റ്റേഡിയം പ്രവർത്തനക്ഷമമാക്കാന്‍ തുക.
നഗരസഭാതലത്തിലും പ്രാദേശികതലത്തിലും ലഹരിവിരുദ്ധ ജാഗ്രതാസമിതികൾ രൂപീകരിക്കും. പദ്ധതിയുടെ തുടർനടത്തിപ്പിനായി വിവിധ കാമ്പയിനുകള്നടത്തും.