വധശ്രമം: പ്രതിക്ക് 17 വർഷം കഠിനതടവും പിഴയും ശിക്ഷ
1533016
Saturday, March 15, 2025 1:34 AM IST
ചാവക്കാട്: മണത്തല പള്ളിയിലേക്കു പ്രാർഥനയ്ക്കുപോയിരുന്ന യുവാക്കളെ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനു കഠിനതടവും പിഴയും. മണത്തല മണികണ്ഠൻ റോഡ് പള്ളിപ്പറമ്പിൽ അനീഷി(42)നെയാണ് ചാവക്കാട് അസി. സെഷൻസ് കോടതി 17 വർഷം കഠിനതടവിനും 55,000 രൂപ പിഴയടയ്ക്കാനും വിധിച്ചത്. പിഴത്തുക പരിക്കേറ്റവർക്കു കൊടുക്കണം. പിഴ അടയ്ക്കാത്തപക്ഷം 11 മാസം കൂടുതൽ തടവ് അനുഭവിക്കണം.
മണത്തല പള്ളിത്താഴം ചാലിയത്ത് അബൂബക്കറിന്റെ മകൻ ജാഫറി(43)നെ യും അക്രമം തടയാൻ ശ്രമിച്ച സുഹൃത്ത് നൗഫലി(40)നെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷ . 2009 സെപ്റ്റംബർ രണ്ടിന് രാത്രിയാണ് സംഭവം. മുൻവിരോധംവച്ച് ഒന്നാംപ്രതി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ബൈക്കിൽവന്ന് നമസ്കാരത്തിനായി പോകുകയായിരുന്ന ജാഫറിനെയും നൗഫലിനെയും ജാഫറിന്റെ കഴുത്തിലും തലയിലും ഇരുകൈകളിലും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തടയാൻചെന്ന നൗഫലിനെയും വെട്ടി.
ഗുരുതരമായി പരിക്കേറ്റ ഇരുവരും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ദീർഘകാലം ചികിത്സയിലായിരുന്നു. ഒളിവിൽപോയ അനീഷ് പിന്നീട് പിടിയിലായി. ചാവക്കാട് സബ് ഇൻസ്പെക്ടർ പി. അബ്ദുൽ മുനീർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു,
പ്രതിയായ അനീഷ് ചാവക്കാട്, ഗുരുവായൂർ ടെമ്പിൾ, ഗുരുവായൂർ തുടങ്ങിയ സ്റ്റേഷനുകളിൽ പ്രതിയായി കാപ്പനിയമപ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലാണ്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ആർ. രജിത്കുമാർ ഹാജരായി.