കുഞ്ഞൻ മത്സ്യങ്ങളെ പിടിച്ച ബോട്ട് പിടികൂടി പിഴചുമത്തി
1533018
Saturday, March 15, 2025 1:34 AM IST
കൊടുങ്ങല്ലൂർ: നിരോധിച്ച വല ഉപയോഗിച്ച് തീരത്തോടുചേർന്ന് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ട്രോളർ ബോട്ട് ഫിഷറീസ് - മറൈൻ എൻഫോഴ്സ്മെന്റ് കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥസംഘം പിടികൂടി പിഴചുമത്തി. എറണാകുളം മുനമ്പം പള്ളിപ്പുറം ജനതാ ബീച്ച് സ്വദേശി മരിയാലയം വീട്ടിൽ ശെൽവരാജ് എന്നയാളുടെ ഉടമസ്ഥതയിലുളള "കരിഷ്മ 2' എന്ന ബോട്ടാണ് പിടികൂടിയത്. ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യം ലേലംചെയ്ത് 3,23,250 രൂപ ട്രഷറിയിൽ ഒടുക്കി. ജില്ലയിലെ വിവിധ ഹാർബറുകളിലും ഫിഷ് ലാൻഡിംഗ് സെന്ററുകളിലും തീരക്കടലിലും നടത്തിയ മിന്നൽപരിശോധനയിലാണ് ബോട്ട് പിടിച്ചെടുത്തത്.
തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർനടപടികൾ പൂർത്തീകരിച്ച് രണ്ടര ലക്ഷം രൂപ പിഴ സർക്കാരിലേക്ക് ഈടാക്കി. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ.സി. സീമയുടെയും കോസ്റ്റൽ എസ്ഐ പി.പി. ബാബുവിന്റെയും നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് ബോട്ട് പിടിച്ചെടുത്തത്.
നാട്ടിക മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻരാജ് , എഫ്ഒ സഹന ഡോൺ, മെക്കാനിക്ക് ജയചന്ദ്രൻ, മറൈൻ എൻഫോഴ്സ് ആൻഡ് വിജിലൻസ് വിംഗ് ഓഫീസർമാരായ വി.എൻ. പ്രശാന്ത് കുമാർ, വി.എം. ഷൈബു, ഇ. ആർ. ഷിനിൽകുമാർ, കോസ്റ്റൽ എസ്ഐ കെ. അജയ്, സീ റെസ്ക്യൂ ഗാർഡുമാരായ ഹുസൈൻ വടക്കനോളി, വിജീഷ് എമ്മാട്ട്, സ്രാങ്ക് ദേവസ്യ, എൻജിൻ ഡ്രൈവർ റോക്കി എന്നിവരാണ് പ്രത്യേക പട്രോളിംഗ് സംഘത്തിൽ ഉണ്ടായിരുന്നത്.
അശാസ്ത്രീയ മത്സ്യബന്ധനരീതി അവലംബിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടര്‍ന്നും സ്വീകരിക്കുമെന്നും, വരുംദിവസങ്ങളിൽ എല്ലാ ഹാർബറുകളിലും ഫിഷ് ലാൻഡിംഗ് സെന്ററുകളിലും സ്പെഷൽ ടാസ്ക് സ്ക്വാഡുകളുടെ പരിശോധന ഉണ്ടായിരിക്കുമെന്നും തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുൾ മജീദ് പോത്തന്നൂരാൻ അറിയിച്ചു.