അന്തർസംസ്ഥാന വാഹന മോഷ്ടാക്കൾ പിടിയിൽ
1533015
Saturday, March 15, 2025 1:34 AM IST
ചേർപ്പ്: രാത്രിസമയങ്ങളിൽ വാഹനങ്ങൾ മോഷ്ടിച്ചു കടത്തിക്കൊണ്ടുപോയി തമിഴ്നാട്ടിൽ എത്തിച്ച് വിൽപ്പന നടത്തിയിരുന്ന അഞ്ചംഗഅന്തർസംസ്ഥാന വാഹനമോഷ്ടാക്കൾ അറസ്റ്റിൽ. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
പൊള്ളാച്ചി കോവിൽപ്പാളയം സ്വദേശി എസ്കെ നിവാസിൽ സജിത്ത് (25), പുതുക്കാട് കണ്ണമ്പത്തൂർ സ്വദേശികളായ പുന്നത്താടൻ വിജിത്ത് (33), പുന്നത്താടൻ രഞ്ജിത്ത് (38), ചിയ്യാരം സ്വദേശി പള്ളിപ്പാടത്ത് വീട്ടിൽ സുനീഷ് (35), നന്തിപുലം കരിയത്തുവളപ്പിൽ വീട്ടിൽ വിഷ്ണു(30) എന്നിവരാണ് പോലീസിന്റെ തന്ത്രപരമായ അന്വേഷണത്തിൽ പിടിയിലായത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് ചേർപ്പ് പാറക്കോവിലിൽനിന്ന് പുലർച്ചെ രണ്ടുമണിയോടെ മിനിലോറി മോഷണം പോയിരുന്നു. ഇതേത്തുടർന്ന് ചേർപ്പ് പോലീസ് സ്റ്റേഷനിൽ വാഹനഉടമ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ, ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, ചേർപ്പ് എസ്ഐ എം. അഫ്സൽ, സീനിയർ സിപിഒ ഇ.എസ്. ജീവൻ, സിപിഒമാരായ കെ.എസ്. ഉമേഷ്, ഗോകുൽദാസ് എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ചുനടത്തിയ അന്വേഷണത്തിൽ മോഷ്ടിച്ച മറ്റൊരു വാഹനം കണ്ടെത്തുകയും ഇതു പൊള്ളാച്ചി സ്വദേശിയായ സജിത്ത് എന്നയാൾ ഉപയോഗിക്കുന്നതാണെന്നു മനസിലാക്കുകയും ചെയ്തു. സജിത്ത് വൻമോഷണസംഘത്തിലെ ആളാണെന്നു കണ്ടെത്തിയതോടെ തുടർന്നുള്ള അന്വേഷണത്തിൽ മറ്റു പ്രതികളെയും കണ്ടെത്തുകയുമായിരുന്നു.
കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 27, 28 തീയതികളിൽ മറ്റൊരു മിനിലോറിയും മോഷണം പോയിരുന്നു. ഈ സംഭവത്തിനു കൊടകര പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണസംഘം പൊള്ളാച്ചിയിലെത്തി സജിത്തിനെ പിടികൂടിയ സമയത്തുതന്നെ ചാലക്കുടി ഡിവൈഎസ്പി സുമേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘാംഗങ്ങൾ മണ്ണുത്തി ഭാഗത്തുനിന്നും വിജിത്ത്, രഞ്ജിത്ത്, സുനീഷ്, വിഷ്ണു എന്നിവരെയും തന്ത്രപരമായി പിടികൂടുകയായിരുന്നു.
പകൽ വാഹനങ്ങൾ കണ്ടെത്തി അർധരാത്രിയോടെ സ്ഥലത്തെത്തി സുനീഷും രഞ്ജിത്തും വിഷണുവും വിജിത്തും ചേർന്ന് സജിത്തിനു മോഷ്ടിച്ച വാഹനങ്ങൾ കൈമാറും. സജിത്ത് മേട്ടുപ്പാളയത്തു പഴയ വാഹനങ്ങൾ പൊളിച്ചുവിൽക്കുന്ന സംഘത്തിനു വിൽക്കുകയായിരുന്നു പതിവ്. ഇവിടെ നിന്നാണ് അന്വേഷണസംഘം മോഷ്ടിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്തിയത്.
രണ്ടുമൂന്നു മാസത്തിനിടയിൽ നിരവധി വാഹനങ്ങൾ ഈ സംഘം മോഷ്ടിച്ചുകടത്തിയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പുതുക്കാടുനിന്നു മോഷ്ടിച്ച ഒരു കണ്ടെയ്നർ ലോറി, കൊടകര, ഒല്ലൂർ എന്നിവിടങ്ങളിൽനിന്നു മോഷ്ടിച്ച ദോസ്ത് പിക്കപ് വാനുകൾ, ഇവർ മോഷണത്തിനുപയോഗിച്ച ഒരു കാർ എന്നിവ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രഞ്ജിത്തിനെതിരേ പുതുക്കാട് പോലീസ് സ്റ്റേഷനിൽ അടിപിടി, വധശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങി ആറു ക്രിമിനൽ കേസുകളുണ്ട്. വിജിത്തിനെതിരേ പുതുക്കാട് പോലീസ് സ്റ്റേഷനിൽ രണ്ട് അടിപിടിക്കേസുകളുണ്ട്.