സൗജന്യ ഡയാലിസിസ് കേന്ദ്രം നിർമാണോദ്ഘാടനം ഇന്ന്
1533014
Saturday, March 15, 2025 1:34 AM IST
തൃശൂർ: പ്രതിദിനം നൂറുപേർക്കു സൗജന്യ ഡയാലിസ് നൽകുന്ന കേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം ഇന്നു രാവിലെ 9.30ന് ശക്തൻ നഗറിൽ മന്ത്രി കെ. രാജൻ നിർവഹിക്കും. മേയർ എം.കെ. വർഗീസ് അധ്യക്ഷനാകും. തൃശൂർ കോർപറേഷനും ആൽഫ പാലിയേറ്റീവ് കെയറും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
സെന്ററിനുള്ള കെട്ടിടവും പശ്ചാത്തലസൗകര്യവും കോർപറേഷനും ഡയാലിസിസ് മെഷീനുകളും അനുബന്ധ സേവനങ്ങളും ആൽഫയും ഒരുക്കും.
ആരോഗ്യരംഗത്തു കോർപറേഷൻ ഒന്പതുവർഷമായി വൻ മുന്നേറ്റമാണു നടത്തുന്നതെന്നും ജനറൽ ആശുപത്രി ഏറ്റെടുത്തശേഷം പശ്ചാത്തലസൗകര്യമൊരുക്കി രോഗീസൗഹൃദമാക്കിയെന്നും മേയർ പറഞ്ഞു. പ്രതിദിനം മൂവായിരംപേരാണ് ആശുപത്രിയിലെത്തുന്നത്. അഞ്ച് പിഎച്ച്സിയും മൂന്ന് അർബൻ സെന്ററുകളുമുണ്ടെങ്കിലും ഡയാലിസിസ് രോഗികൾക്ക് കോർപറേഷൻ ജനറൽ ആശുപത്രിയിലാണു സൗകര്യം. ആയിരം രൂപയോളം ഇതിനു ചെലവാകും. നൂറുകണക്കിനു നിർധന രോഗികളാണു ഡയാലിസിസിനു കാത്തിരിക്കുന്നത്. ഇവർക്കു സൗജന്യ സേവനമൊരുക്കുകയാണു ലക്ഷ്യമെന്നും മേയർ എം.കെ. വർഗീസ് പറഞ്ഞു.