തെരുവുനായ് ശല്യം; പൂങ്കുന്നത്തു രണ്ടുപേർക്കു കടിയേറ്റു
1495641
Thursday, January 16, 2025 2:29 AM IST
തൃശൂർ: കോർപറേഷൻ പരിധിയിൽ തെരുവുനായ് ശല്യം രൂക്ഷം. പൂങ്കുന്നത്തെ ഫ്ലാറ്റിലെ സെക്യൂരിറ്റിയായ മുണ്ടൂർ സ്വദേശി ഇമ്മട്ടി ജെയിംസിനെയും പുഷ്പഗിരി ഗ്രാമത്തിൽ ഇഎസ്ഐ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സ്ത്രീയെയും കഴിഞ്ഞദിവസങ്ങളിൽ നായ കടിച്ചു. രണ്ടുദിവസങ്ങളിലായി ആക്രമണം കൂടിയെന്നാണ് പരാതി. നൂറ്റന്പതോളം നായ്ക്കൾ പൂങ്കുന്നം, കുട്ടൻകുളങ്ങര ഭാഗങ്ങളിലുണ്ടെന്നു നാട്ടുകാർ പറഞ്ഞു.
തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിൽ തൃശൂർ കോർപറേഷൻ മാതൃകയായിരുന്നെങ്കിലും പിന്നീടു ഫലപ്രദമായി നടപ്പാക്കിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം പലവട്ടം പ്രതിഷേധവുമുയർത്തി. അതാത് പ്രദേശത്തെ സന്നദ്ധ സംഘടനകളെയും അസോസിയേഷനുകളെയും അറിയിക്കാത്തതിനാൽ വന്ധ്യംകരണത്തിനു തെരുവുനായ്ക്കളെ പിടികൂടാനാവാതെ എബിസി പദ്ധതി വഴിപാടാകുകയാണ്. നായ്ക്കൾ തന്പടിക്കുന്ന പ്രദേശവും സമയവും മനസിലാക്കി എത്താത്തതിനാൽ പിടികൂടാനാകുന്നില്ല.
മാനദണ്ഡം പാലിച്ചു ഫീഡിംഗ് പോയിന്റ് നിർണയിച്ചാൽ പലയിടങ്ങളിൽ നായ്ക്കൾ തന്പടിക്കുന്നത് ഒഴിവാക്കാമെന്നും ചൂണ്ടിക്കാട്ടുന്നു. കോർപറേഷൻ പരിധിയിൽ എവിടെയും ഫീഡിംഗ് പോയിന്റ് നിർണയിച്ചിട്ടില്ല. കോർപറേഷനോടു രേഖാമൂലവും കൗണ്‍സിൽ യോഗത്തിലും ആവശ്യപ്പെട്ടിട്ടും ഷെൽട്ടർ അടക്കമുള്ള കാര്യത്തിൽ പരിഹാരം നടപ്പാക്കിയില്ലെന്നു കൗണ്‍സിലർ എ.കെ. സുരേഷും പറഞ്ഞു.