സുവർണത്തിന്റെ തിരശീല താഴ്ത്തി
1495940
Friday, January 17, 2025 1:57 AM IST
ഇരിങ്ങാലക്കുട: ഡോ.കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുവർഷമായി സംഘടിപ്പിച്ച സുവർണജൂബിലിയാഘോഷ പരമ്പരയ്ക്ക് തിരശീല വീണു. ആഘോഷത്തിന്റെ അവസാനമായി പതിനാറുദിവസങ്ങളിൽ നളചരിത സമാരോഹം നടത്തി. ഞായറാഴ്ച രാവിലെ നളകഥാകാവ്യങ്ങളെ അവലംബിച്ച് മീര രാംമോഹനും സംഘവും സംഗീതാവിഷ്ക്കാരം നടത്തി.
തുടർന്ന് കലാമണ്ഡലം പ്രഷീജ ഗോപിനാഥിന്റെ "ദമയന്തി" മോഹിനിയാട്ടരംഗാവതരണമുണ്ടായി. മീര നങ്ങ്യാരും സംഘവും ചേർന്ന് "ഭൈമീഹൃദയം" എന്ന പുതിയ രംഗാവിഷ്ക്കാരം നിർവഹിച്ചു. വാർഷികസമ്മേളനത്തില്‍ ക്ലബ് പ്രസിഡന്റ് അനിയൻ മംഗലശേരി അധ്യക്ഷതവഹിച്ചു.
ക്ലബ് ഏർപ്പെടുത്തിയിട്ടുള്ള വാർഷിക കഥകളിപുരസ്കാരങ്ങൾ സമ്മാനിച്ചു. സമഗ്രസംഭാവനാപുരസ്കാരം ഡോ. സദനം കൃഷ്ണൻകുട്ടിക്ക് സമ്മാനിച്ചു.
ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി പുരസ്കാരങ്ങൾ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്, പത്തിയൂർ ശങ്കരൻകുട്ടി, സദനം ഗോപാലകൃഷ്ണന്, സദനം രാജഗോപാലന്‍, കലാമണ്ഡലം സതീശന്, നാരായണൻ നായര്‍ എന്നിവര്ഏറ്റുവാങ്ങി. ഇ. കേശവദാസ് സ്മാരക കഥകളി പുരസ്ക്കാരം കോട്ടക്കൽ മധുവും പി. ബാലകൃഷ്ണൻ സ്മാരക കഥകളി എൻഡോവ്മെന്റ് ആർ. ആദിത്യനും ഏറ്റുവാങ്ങി. ശ്രീവത്സൻ തിയ്യാടി ആശംസകൾ അർപ്പിച്ചു. രമേശൻ നമ്പീശൻ സ്വാഗതവും അഡ്വ. രാജേഷ് തമ്പാൻ നന്ദിയും പറഞ്ഞു.
തുടർന്ന് നളചരിതം നാലാംദിവസം കഥകളിയരങ്ങേറി. സദനം കൃഷ്ണൻകുട്ടി, കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, പീശപ്പിള്ളി രാജീവൻ, പത്തിയൂർ ശങ്കരൻകുട്ടി, കോട്ടയ്ക്കൽ മധു, കലാമണ്ഡലം വിശ്വാസ്, തൃപ്പൂണിത്തറ അർജുൻ രാജ് , കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ, കലാമണ്ഡലം രവിശങ്കർ, കോട്ടയ്ക്കൽ രവി, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം സതീശൻ, കലാനിലയം വിഷ്ണു, നെടുമുടി മധുസൂദനപ്പണിക്കർ, ഊരകം നാരായണൻനായർ എന്നിവർ പങ്കെടുത്തു.