വനം ഓഫീസിലേക്ക് മാര്‍ച്ച് നടത്തും
1495473
Wednesday, January 15, 2025 7:24 AM IST
വെള്ളിക്കുളങ്ങര: ചൊക്കന, മുപ്ലി മേഖലയില്‍ വര്‍ധിക്കുന്ന വന്യമൃഗശല്യം തടയുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് പ്രദേശത്തെ തോട്ടംതൊഴിലാളികളും കര്‍ഷകരും പ്രത്യക്ഷസമരത്തിനൊരുങ്ങുന്നു.
കഴിഞ്ഞദിവസം ചൊക്കനയില്ചേര്ന്ന പ്രദേശവാസികളുടെ യോഗം ജനകീയസമിതിക്ക് രൂപംനല്കി. തോട്ടം മേഖലയിലെ തൊഴിലാളികളുടേയും കര്‍ഷകരുടേയും പ്രശ്നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പെടുത്തുന്നതിനുള്ള ആദ്യചുവടുവയ്പ്പെന്ന നിലയില്‍ വനം ഡിവിഷന് ഓഫിസിലേക്ക് മാര്‍ച്ച് നടത്താനാണ് ജനകീയസമിതിയുടെ തീരുമാനമെന്ന് ചെയര്മാന് ജോബിള്‍ വടാശേരി പറഞ്ഞു. ചൊക്കന, മുപ്ലി മേഖലയിലെ റബര്‍ തോട്ടങ്ങളിലായി നൂറിലേറെ കാട്ടാനകളാണ് തമ്പടിച്ചിട്ടുള്ളത്.
പകലും രാത്രിയിലും ഒരുപോലെ തോട്ടങ്ങളില്‍ വിഹരിക്കുന്ന കാട്ടാനകള്‍ ടാപ്പിംഗ്് തൊഴിലാളികള്‍ക്ക് പേടിസ്വപ്നമായി മാറിയിട്ട് വര്‍ഷങ്ങളായി. മുപ്ലി പുഴയുടെ ഇരുവശങ്ങളിലുമായുള്ള റബര്‍ തോട്ടങ്ങളിലാണ് കാട്ടാനകള്‍ കൂട്ടമായി തമ്പടിച്ചിട്ടുള്ളത്. ചൊക്കന, കാരിക്കടവ്, മുപ്ലി പ്രദേശങ്ങളില്‍ മാത്രം നൂറിലേറെ ഏക്കര്‍ സ്ഥലത്തെ റബര്‍ കൃഷി കാട്ടാനകള്‍ നശിപ്പിച്ചിട്ടുണ്ട്.
മുറിച്ചുമാറ്റുന്ന റബര്‍ മരങ്ങള്‍ക്ക് പകരം നട്ടുപിടിപ്പിക്കുന്ന തൈകളും ആനകള്‍ തിന്നുനശിപ്പിക്കുന്നത് തോട്ടം മേഖലയില്‍ തൊഴില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു.
വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ ജോലി ചെയ്യാനോ, റോഡിലൂടെ യാത്ര ചെയ്യാനോ, കൃഷിചെയ്യാനോ പറ്റാത്ത സാഹചര്യം നിലനില്‍ക്കുകയാണ്. വനംവകുപ്പോ, സര്‍ക്കാരോ ഈ പ്രശ്നത്തില്‍ യാതൊരു ഇടപെടലും നടത്താത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് ജനകീയ സമരസമതി കണ്‍വീനറും തൊട്ടം തൊഴിലാളിയുമായ മുഹമ്മദലി പറഞ്ഞു. വന്യമൃഗങ്ങളെ ഭയന്ന് കുട്ടികളെ സ്കൂളിലേക്ക് അയക്കാന്‍പോലും കഴിയാത്തസ്ഥിതിയാണ് നായാട്ടുകുണ്ട് - ചൊക്കന മേഖലയിലുള്ളതെന്ന് പ്രദേശവാസികള്‍പറയുന്നു.
നായാട്ടുകുണ്ട് സൂര്യ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ 23ന് ചാലക്കുടി ഡിഎഫ്ഒ ഓഫിസിലേക്ക് പ്രദേശവാസികള്‍ മാര്‍ച്ചും തുടര്‍ന്ന് പ്രതിഷേധസദസും സംഘടിപ്പിക്കും.