പൊളിഞ്ഞുവീഴാറായ കെട്ടിടത്തിൽ ശീതീകരിച്ച കാത്തിരിപ്പുകേന്ദ്രം
1495934
Friday, January 17, 2025 1:57 AM IST
സി.ജി. ജിജാസൽ
തൃശൂർ: നവീകരണം കാത്തിരിക്കുന്ന തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തിരിപ്പുകാർക്കു സന്തോഷവാർത്ത. പൊള്ളുന്ന ചൂടിൽ ഇനി മനസും ശരീരവും തണുപ്പിച്ചു വിശ്രമിക്കാം. പൂർണമായും ശീതികരിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്.
സാമൂഹികപ്രതിബദ്ധതാ പരിപാടിയിൽ ഉൾപ്പെടുത്തി സ്വകാര്യ മൊബൈൽ നിർമാതാക്കളുടെ കന്പനിയാണ് നിലവിലെ കാത്തിരിപ്പുകേന്ദ്രം സ്ഥിതിചെയ്യുന്നിടത്തു പുതിയ കാത്തിരിപ്പുകേന്ദ്രം ഒരുക്കുന്നത്. ഒരേസമയം ഇരുപതിലേറെപ്പേർക്ക് ഇരിക്കാൻ കഴിയുന്ന കേന്ദ്രത്തിൽ മൊബൈൽ ചാർജിംഗ് പോയിന്റുകൾ, പത്രങ്ങൾ എന്നിവയടക്കമുള്ള സൗകര്യങ്ങളും ലഭ്യമാകും.
ഈ മാസം അവസാനമോ അടുത്ത മാസം ആദ്യവാരമോ ഇതിന്റെ നിർമാണം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ പറഞ്ഞു.
എന്നാൽ, പൊട്ടിപ്പൊളിഞ്ഞ റോഡും വീഴാറായ ഭിത്തിയും മേൽക്കൂരയും അടക്കം ശോച്യാവസ്ഥ നേരിടുന്ന ബസ് സ്റ്റാൻഡിലും കെട്ടിടത്തിലും ശീതികരിച്ച കാത്തിരിപ്പുകേന്ദ്രം അനാവശ്യമാണെന്ന അഭിപ്രായം ഉയരുന്നുണ്ട്. ചില്ലിട്ടു മനോഹരമാക്കിയ കാത്തിരിപ്പുകേന്ദ്രത്തിനു മുകളിലും സമീപത്തും സീലിംഗിലെ കോണ്ക്രീറ്റ് അടർന്ന് കന്പി പുറത്തായ നിലയിലാണ്. സംസ്ഥാനത്തെ വിവിധ സ്റ്റാൻഡുകളിലും ഇത്തരം കേന്ദ്രങ്ങൾ ഉണ്ടെങ്കിലും അവ ഉപയോഗിക്കാൻ പൈസ കൊടുക്കണം എന്നിരിക്കെ, സാധാരണക്കാരായ യാത്രക്കാർക്കു നിലവിലെ ഇരിപ്പിടങ്ങൾകൂടി നഷ്ടപ്പെടുമോ എന്ന ആശങ്കയും യാത്രക്കാർ പങ്കുവച്ചു.
ഏഴു വർഷംമുന്പ് സ്റ്റാൻഡ് നവീകരണത്തിനു മാസ്റ്റർ പ്ലാൻ അടക്കം തയാറായിരുന്നെങ്കിലും അതു വെറും വാഗ്ദാനത്തിൽമാത്രമായി ഒതുങ്ങുകയായിരുന്നു. എന്നാൽ നിലവിൽ പി. ബാലചന്ദ്രൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള നാലു കോടി രൂപയും നവകേരളസദസിൽ അനുവദിച്ച അഞ്ചു കോടിയും നേരത്തേ നീക്കിവച്ച മൂന്നു കോടി രൂപയും സ്വകാര്യവ്യക്തികളുടെ സഹകരണത്തോടെയും 20 കോടി രൂപയുടെ നവീകരണത്തിനുള്ള നടപടികൾക്കു തുടക്കംകുറിച്ചിട്ടുണ്ട്. അതിനുപിറകെ പൊളിച്ചുമാറ്റാൻ പോകുന്ന കെട്ടിടത്തിൽ ശീതികരിച്ച കാത്തിരിപ്പുകേന്ദ്രം നിർമിക്കുന്നത് എന്തിനാണെന്നതാണ് ഉയരുന്ന ചോദ്യം.