വിരമിച്ച് വർഷം 12 പിന്നിട്ടിട്ടും ശന്പളം നൽകുന്നില്ല; നിരാഹാരത്തിനൊരുങ്ങി മുൻ അധ്യാപിക
1495637
Thursday, January 16, 2025 2:29 AM IST
തൃശൂർ: ജോലി ചെയ്തത് ആറുവർഷം. വിരമിച്ചിട്ട് 12 വർഷം. നാളിതുവരെയായിട്ടും ഒരുമാസത്തെ ശന്പളംപോലും ലഭിക്കാതെ മാനസികമായി തകർന്ന റിട്ട. അധ്യാപിക ഗുരുവായൂർ ദേവസ്വത്തിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
കണിമംഗലം സ്വദേശിനി ടി.കെ. രമണിയാണ് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടിലും തന്റെ 66-ാം വയസിൽ സ്കൂൾ മാനേജ്മെന്റായ ദേവസ്വത്തിനുമുൻപിൽ അനിശ്ചിതകാല നിരാഹരസമരത്തിനൊരുങ്ങുന്നത്.
2007 ഡിസംബറിൽ പ്ലസ് ടുവിലേക്കു പ്രമോഷൻ ലഭിച്ച അധ്യാപികയുടെ ഒഴിവിലാണ് ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളിൽ രമണി ജോലിയിൽ പ്രവേശിക്കുന്നത്. പിന്നീട് പ്ലസ് ടു അധ്യാപികയായി പ്രമോഷൻ ലഭിച്ച അധ്യാപിക തിരികെ ഹൈസ്കൂളിലേക്കു വന്നതോടെ രമണി ടീച്ചറുടെ നിയമനത്തിനു വിദ്യാഭ്യാസവകുപ്പ് അനുമതി നൽകിയില്ല. രമണിയെ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപികയായി നിയമിച്ച് സ്കൂൾമാനേജർ ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ തീരുമാനപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ ഈ രേഖയുമായി പലയിടങ്ങളിലും കയറിയിറങ്ങിയിട്ടും യാതൊരു ഫലവും ഉണ്ടായില്ല. തുടർന്നു ചാവക്കാട് കോടതിയെ സമീപിച്ചെങ്കിലും നിയമന ഉത്തരവ് വിദ്യാഭ്യാസവകുപ്പ് അംഗീകരിക്കാത്തതിനാൽ കേസ് തള്ളുകയായിരുന്നു.
വിദ്യാഭ്യാസവകുപ്പ് ഉപഡയറക്ടർ 2019 മാർച്ച് 28നു നൽകിയ കത്തിൽ, തസ്തികയില്ലാതെ ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട സാന്പത്തികം അടക്കമുള്ള എല്ലാ ബാധ്യതകളും മാനേജ്മെന്റിനാണെന്നു വ്യക്തമാക്കുന്നുണ്ട്. എന്നാൽ സാന്പത്തികബുദ്ധിമുട്ട് ഉള്ളതിനാൽ പണം നൽകാനാവില്ലെന്നാണ് ദേവസ്വത്തിന്റെ മറുപടിയെന്നു ടി.കെ. രമണി പത്രസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ കാഴ്ചശക്തി നഷ്ടമായ, മറ്റു ശാരീരികബുദ്ധിമുട്ടുകളും അനുഭവിക്കുന്ന ഈ മുൻ അധ്യാപികയ്ക്കു കൂട്ടായുള്ളത് 72 പിന്നിട്ട രോഗിയായ ഭർത്താവുമാത്രമാണ്.
സ്വന്തമായി വീടുപോലുമില്ലാതെ ദുരിതക്കയത്തിൽ കഴിയുന്ന രമണി വെങ്ങിണിശേരി ഗുരുകുലം സ്കൂളിൽ അധ്യാപികയായിരിക്കെയാണ് ഗുരുവായൂർ ദേവസ്വം സ്കൂളിൽ ജോലി ലഭിച്ചപ്പോൾ അതുപേക്ഷിച്ച് അവിടേക്കു പോകുന്നത്. അദാലത്ത് നടന്നപ്പോൾ തനിക്കു തുകനൽകാൻ വിധിയുണ്ടായെങ്കിലും അതിനും ദേവസ്വം തയാറായില്ലെന്നും രമണിയും ഭർത്താവ് രാജൻ ഐനിക്കുന്നനും പറഞ്ഞു.
പത്രസമ്മേളനത്തിൽ ജനതാദൾ - എസ് ജില്ലാ പ്രസിഡന്റ് അഡ്വ. സി.ടി. ജോഫി, സംസ്ഥാന കമ്മിറ്റി അംഗം ജോണ് വാഴപ്പിള്ളി, ജനറൽ സെക്രട്ടറി പ്രീജു ആന്റണി എന്നിവരും പങ്കെടുത്തു.