വീടൊരുങ്ങി; ദേവുവിന് സ്വപ്നസാക്ഷാത്കാരം
1495649
Thursday, January 16, 2025 2:29 AM IST
മേലൂർ: വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ നിറവിലാണ് മേലൂർ എടയാടൻ വീട്ടിൽ ദേവു. കയറിക്കിടക്കാൻ അടച്ചുറപ്പുള്ള ഭവനം വേണമെന്ന ആഗ്രഹത്തിനു തടസമായിനിന്നത് സാമ്പത്തിക പരാധീനതകളായിരുന്നു. പാലപ്പിള്ളിയിൽ കനാൽപുറമ്പോക്കിൽ താമസിച്ചിരുന്ന ദേവു വീടിനായി പല കാര്യാലയങ്ങളും കയറിയിറങ്ങി വിഷമസന്ധിയിൽ നിൽക്കുമ്പോഴാണ് പാലപ്പിള്ളിയിൽ സർക്കാർ അനുവദിച്ചുനൽകിയ 19 വീടുകളിൽ താമസക്കാരില്ലാത്ത ഒരു വീട് ദേവുവിനു കൈമാറിയത്.
വാർഡ്മെമ്പർ മുഖേന പഞ്ചായത്തിലും കളക്ടർക്കും അപേക്ഷ നൽകിയിരുന്നു. ചാലക്കുടിയിൽ കഴിഞ്ഞ ദിവസം നടന്ന അദാലത്തിൽ കളക്ടർ ദേവുവിന് വീട് അനുവദിച്ച് ഉത്തരവ് ഇറക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് വി.എസ്. പ്രിൻസ് താക്കോൽ കൈമാറി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് പോളി പുളിക്കൻ അധ്യക്ഷത വഹിച്ചു. തഹസിൽദാർ കെ.എ. ജേക്കബ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് കൈമാറി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിര പ്രകാശൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സതി ബാബു, വാർഡ് മെമ്പർ വാസന്തി ചന്ദ്രൻ, സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ സന്ധ്യ ബാബു എന്നിവർ പ്രസംഗിച്ചു.