ചിൽഡ്രൻസ് ഹോമുകൾക്ക് അവഗണന: ജോണ് ഡാനിയൽ
1495947
Friday, January 17, 2025 1:57 AM IST
തൃശൂർ: സംസ്ഥാനത്തെ ചിൽഡ്രൻസ് ഹോമുകളെയും അഭയകേന്ദ്രങ്ങളെയും പിണറായി സർക്കാർ അവഗണിക്കുന്നതിന്റെ ദുരന്തഫലമാണ് രാമവർമപുരം ചിൽഡ്രൻസ് ഹോമിലുണ്ടായ കൊലപാതകമെന്നു കെപിസിസി സെക്രട്ടറി ജോണ് ഡാനിയൽ.
മാസങ്ങളായി ഫണ്ട് അനുവദിക്കാതെ ദൈനംദിന ആവശ്യങ്ങൾ തടസപ്പെട്ടു ജീവനക്കാരും അന്തേവാസികളും കടുത്ത ദുരിതത്തിലാണ്. ശരിയായി ഭക്ഷണമോ വസ്ത്രമോ ലഭിക്കുന്നില്ല. രാമവർമപുരം ചിൽഡ്രൻസ് ഹോമിൽ തലേന്നു കുട്ടികൾക്കിടയിൽ സംഘർഷമുണ്ടായിട്ടും അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാൻ മുൻകരുതലെടുത്തില്ല.
സാമൂഹിക ക്ഷേമവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം പൊതുസമൂഹത്തിന്റെ നിരീക്ഷണത്തിനും സോഷ്യൽ ഓഡിറ്റിംഗിനും വിധേയമാക്കാൻ അടിയന്തരനടപടി വേണം.
രാമവർമപുരം ചിൽഡ്രൻസ് ഹോമിലുണ്ടായ സംഭവത്തെക്കുറിച്ചു ജില്ലാ കളക്ടർ പ്രഖ്യാപിച്ച അന്വേഷണത്തിൽ സ്ഥാപനം നേരിടുന്ന പ്രശ്നങ്ങളും ഉൾപ്പെടുത്തണമെന്നു ജോണ് ഡാനിയൽ ആവശ്യപ്പെട്ടു.