പ്രസിഡന്റ് സ്ഥാനത്തച്ചൊല്ലി കാട്ടൂര്‍ പഞ്ചായത്ത് ഭരണസമിതിയില്‍ ഭിന്നത
1495648
Thursday, January 16, 2025 2:29 AM IST
ഇരിങ്ങാലക്കുട: പ്രസിഡന്റ് സ്ഥാനത്തച്ചൊല്ലി കാട്ടൂര്‍ പഞ്ചായത്ത് ഭരണസമിതിയില്‍ ഭരണകക്ഷിയായ എല്‍ഡിഎഫില്‍ ഭിന്നത രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച ഘട്ടത്തില്‍ പ്രസിഡന്റ്് സ്ഥാനം ആദ്യ നാല് വര്‍ഷം സിപിഎമ്മും തുടര്‍ന്ന് ഒരു വര്‍ഷം സിപിഐയും പങ്കിടാമെന്ന് എല്‍ഡിഎഫ് യോഗം തീരുമാനിച്ചിരുന്നതാണെന്നും എന്നാല്‍ ധാരണ പാലിക്കാന്‍ സിപിഎം തയാറാകുന്നില്ലെന്നും വിമര്‍ശിച്ച് സിപിഐ രംഗത്ത് എത്തി.
സിപിഎം നിലപാടിനെതിരേ കാട്ടൂരില്‍ എല്‍ഡിഎഫില്‍നിന്നും മാറിനില്ക്കാന് തീരുമാനിച്ചതായും അധികാരമോഹികളായ സിപിഎം നേതാക്കളുമൊത്ത് പ്രവര്‍ത്തിക്കാന്‍ സിപിഐ പ്രവര്‍ത്തകര്‍ക്കു ബുദ്ധിമുട്ട് ഉണ്ടെന്നും സിപിഐ ലോക്കല്‍ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
പതിനാല് അംഗ ഭരണസമിതിയില്‍ സിപിഎമ്മിന് ഏഴും സിപിഐക്ക് രണ്ടും യുഡിഎഫിന് നാലും ബിജെപിക്ക് ഒരംഗവുമാണുള്ളത്. സിപിഎമ്മിലെ ഷീജ പവിത്രന് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതോടെ സിപിഎമ്മിലെ തന്നെ ടി.വി. ലതയാണ് പ്രസിഡന്റായി ചുമതലയേറ്റത്. ധാരണപ്രകാരം കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സിപിഎം പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടതാണ് സിപിഐ പറയുന്നു.
എന്നാല്‍ സിപിഐ നിലപാട് വാസ്തവ വിരുദ്ധമാണെന്നും പ്രസിഡന്റ്്, വൈസ് പ്രസിഡന്റ്് സ്ഥാനങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയാണ് തീരുമാനിക്കാറുള്ളതെന്നും പ്രസിഡന്റ്് സ്ഥാനം ആദ്യത്തെ രണ്ട് വര്‍ഷം സിപിഎമ്മും തുടര്‍ന്ന് ഒരു വര്‍ഷം സിപിഐയും ബാക്കി രണ്ടുവര്‍ഷം വീണ്ടും സിപിഎമ്മും എന്ന ധാരണയാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ സ്ഥാനം എറ്റെടുക്കാന്‍ സിപിഐ തയ്യാറായില്ലെന്നും ഇക്കാര്യത്തില്‍ ഇനി വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരുന്നതാണെന്നും സിപിഎം കാട്ടൂര്‍ നേതൃത്വം പറഞ്ഞു.