സ്വകാര്യവ്യക്തിയുടെ അവകാശവാദം ഹൈക്കോടതി തള്ളി; ഇനി ഇവിടം പൂന്തോട്ടം
1495640
Thursday, January 16, 2025 2:29 AM IST
കുന്നംകുളം: കുന്നംകുളം - തൃശൂര്‍ റോഡില്‍ അപകടാവസ്ഥയില്‍ നിന്നിരുന്ന കെട്ടിടം പൊളിച്ചുനീക്കിയ സ്ഥലം തന്റേതാണെന്ന് അവകാശമുന്നയിച്ച് സ്വകാര്യവ്യക്തി കുന്നംകുളം നഗരസഭയ്ക്കെതിരേ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ് മതിയായ തെളിവില്ലാത്തതിനാല്‍ ഹൈക്കോടതി തള്ളി. പുറമ്പോക്കുഭൂമിയായി പരിഗണിച്ചാണ് ഹൈക്കോടതി വിധി വന്നത്. ഈ സ്ഥലത്ത് നഗരസഭ പൂന്തോട്ടം സജ്ജമാക്കിക്കൊണ്ടിരിക്കെയാണ് തന്റെ സ്ഥലമാണെന്നു കാണിച്ച് സ്വകാര്യവ്യക്തിയായ ക്ലെമിസ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍ ഇയാള്‍ക്ക് സ്ഥലം തന്റേതാണെന്നു കാണിക്കാനുള്ള വ്യക്തമായ തെളിവുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ സാധിച്ചില്ല. ഈ സ്ഥലം പുറമ്പോക്കായിത്തന്നെ കുന്നംകുളം വില്ലേജ് ഓഫീസില്‍ രേഖകളുണ്ട്. നഗരസഭയ്ക്കുവേണ്ടി അഭിഭാഷകന് ഹരിദാസ് ഹാജരായി.
സ്വച്ഛ് സാനിറ്റേഷന്റെ ഭാഗമായി പൊതുഇടങ്ങള്‍ ഏറ്റെടുത്ത് മാലിന്യമുക്തമാക്കുന്നതിനും പൊതുഇടങ്ങളില്‍ സൗന്ദര്യവത്കരണം നടത്തുന്നതിനും സര്‍ക്കാര്‍ നിര്‍ദേശമുള്ളതിനാല്‍ കഴിഞ്ഞ ഡിസംബറിലാണ് നഗരസഭ ഈ സ്ഥലത്തു പൂന്തോട്ടം നിര്‍മിക്കാന്‍ ആരംഭിച്ചത്. തുടര്‍ന്ന് സ്വകാര്യ വ്യക്തി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും പണി നിര്‍ത്തിവയ്ക്കുകയുമായിരുന്നു.
പൂന്തോട്ടത്തില്‍ ഇനി അത്യാവശ്യം ചെയ്തുതീര്‍ക്കേണ്ട കുറച്ചു പ്രവൃത്തികള്‍കൂടി കഴിഞ്ഞാല്‍ പൂന്തോട്ടം ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന് പറഞ്ഞു.