മഴക്കെടുതി: 5,000 രൂപവീതം സഹായം നൽകി: കളക്ടർ
1495636
Thursday, January 16, 2025 2:29 AM IST
തൃശൂർ: മഴക്കെടുതിയിൽ രണ്ടുദിവസത്തിൽകൂടുതൽ വെള്ളം കയറിയ വീടുകൾക്ക് 5.08 കോടി നഷ്ടപരിഹാരം നൽകിയെന്നു ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. ജൂലൈ 29 മുതൽ 31 വരെയുണ്ടായ കനത്ത മഴയിൽ വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട 10,162 കുടുംബങ്ങൾക്ക് 5000 രൂപവീതമാണു നൽകിയത്. 12,057 കുടുംബങ്ങൾക്കാണു കനത്ത മഴയിൽ വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടത്.
സംസ്ഥാന ദുരന്തപ്രതികരണനിധിയിൽനിന്ന് ആവശ്യമായ തുക തഹസീൽദാർമാർക്കു കൈമാറിയിരുന്നു. തൃശൂർ- 5486, തലപ്പിള്ളി- 946, കുന്നംകുളം- 741, ചാവക്കാട്- 940, മുകുന്ദപുരം -3177, കൊടുങ്ങല്ലൂർ- 145, ചാലക്കുടി- 622 എന്നിങ്ങനെയാണു തുക കൈമാറിയത്. ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു പണം നൽകി. ബാക്കിയുള്ളവർക്ക് ഈയാഴ്ച തുക കൈമാറും.
വീടുകൾക്കു നാശമുണ്ടായവർക്കുള്ള സഹായം ഈയാഴ്ച ആരംഭിച്ച് 31ന് പൂർത്തിയാക്കും. 167 വീടുകൾ പൂർണമായി തകർന്നു. 1859 വീടുകൾക്ക് ആകെ നാശനഷ്ടമുണ്ടായി.
പ്രകൃതിദുരന്തത്തിൽ വീട് 75 ശതമാനമോ അതിലധികമോ തകർന്നതും വാസയോഗ്യമല്ലാത്തതും ദുരന്തസാധ്യതയുള്ളതായി കണ്ടെത്തിയ മേഖലകളിൽ താമസിക്കുന്നതുമായ കുടുംബങ്ങൾക്ക് ആകെ നാലു ലക്ഷം രൂപ അനുവദിച്ച് ഉത്തരവായിരുന്നു. കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാനദണ്ഡമനുസരിച്ചു സംസ്ഥാന ദുരന്തപ്രതികരണനിധിയിൽനിന്നുള്ള ധനസഹായം പൂർണമായി തകർന്ന വീടുകൾക്കു രണ്ടുലക്ഷം രൂപയും സമതലപ്രദേശത്തെ വീടുകൾക്ക് 1,80,000 രൂപയും 30 ശതമാനം മുതൽ 70 ശതമാനം വരെ ഗുരുതരമായി തകർന്ന മലന്പ്രദേശത്തെ വീടുകൾക്ക് ഒരു ലക്ഷം രൂപയും സമതലപ്രദേശത്തെ വീടുകൾക്ക് 90,000 രൂപയും ലഭിക്കും.
സമതലങ്ങളിലും മലന്പ്രദേശത്തും പുതിയ സ്ലാബ് അനുസരിച്ചു 15 ശതമാനംവരെ നാശമുണ്ടായ വീടുകൾക്ക് എസ്ഡിആർഎഫ്- സിഎംഡിആർഎഫ് ഫണ്ടുകളിൽനിന്നായി ആകെ 10,000 രൂപ ലഭിക്കും. 16-29 ശതമാനം നാശം- 60,000 രൂപ, 30-59 ശതമാനം നാശം- 1,25,000, 60-70 ശതമാനം നാശം - 2,50,000, എഴുപതു ശതമാനത്തിലധികം നാശമുണ്ടായ വീടുകൾക്ക് നാലു ലക്ഷം രൂപ എന്നിങ്ങനെയും തുക ലഭിക്കും. എല്ലാ ദുരന്തബാധിതരും അര്‍ഹമായ സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു.