ദേവാലയങ്ങളില്‍ തിരുനാളിനു കൊടിയേറി
1495946
Friday, January 17, 2025 1:57 AM IST
പേരാമംഗലം പള്ളി
പേരാമംഗലം: പേരാമംഗലം സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ വിജയമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി.
24, 25, 26 തീയതികളിലാണ് തിരുനാൾ ആഘോഷം. വൈകിട്ട് 5.45ന് നടന്ന ലദീഞ്ഞ്, നൊവേന എന്നിവയ്ക്കുശേഷം തിരുനാൾ കൊടിയേറ്റ് അതിരൂപതാ വികാരി ജനറാൾ മോൺ.ഫാ. ജോസ് വല്ലൂരാൻ നിർവഹിച്ചു. തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരുന്നു. തിരുനാൾദിനം വരെ എല്ലാ ദിവസവും വൈകിട്ട് 5.45ന് ലദീഞ്ഞ്, നൊവേന, കുർബാന എന്നിവ ഉണ്ടായിരിക്കും. 19ന് വൈകീട്ട് ഏഴിന് സിനിമാപ്രദർശനം ഉണ്ടായിരിക്കും.
തിരുനാളിനോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടവക അതിർത്തിയിലുള്ള ഡയാലിസിസ് രോഗികളായ നാനാജാതിമതസ്ഥർക്ക് സാമ്പത്തികസഹായംനൽകും. ഇടവക വികാരി ഫാ. ജെയ്സൺ മാറോക്കി, ജനറൽ കൺവീനർ സി.എ. ഷാജൻ, കൈക്കാരന്മാരായ ജെറി സി.തോമസ്, വിൻസന്റ് എടക്കളത്തൂർ, പി.വി. ജോൺസൺ നേതൃത്വംനൽകും.
വേലൂർ പള്ളി
വേലൂർ: വേലൂർ സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോനാ പള്ളിയിലെ പരിശുദ്ധ കർമലമാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടികയറി. 22,23,24,25 തീയതികളിലായാണ് തിരുനാൾ ആഘോഷം.
വികാരി ഫാ. റാഫേൽ താണിശേരി, അസി.വികാരി ഫാ. ജെയ്സൻ പഴയേടത്ത്, ജനറൽ കൺവീനർ ലാറ്റി ആന്റണി, പബ്ലിസിറ്റി കൺവീനർ ജോസഫ് മാത്യു ചാലയ്ക്കൽ കൈക്കാരന്മാരായ ഔസേപ്പ് വാഴപ്പിള്ളി, ബാബു ജോർജ് താണിക്കൽ, ജോസഫ് പുലിക്കോട്ടിൽ, സാബു കുറ്റിക്കാട്ട് എന്നിവർ നേതൃത്വംനൽകുന്നു.