എം ടി, ചങ്ങമ്പുഴയ്ക്കുശേഷം ഏറ്റവും സ്വീകാര്യത ലഭിച്ച എഴുത്തുകാരന്: അശോകൻ ചരുവിൽ
1495472
Wednesday, January 15, 2025 7:24 AM IST
കൊരട്ടി: ചങ്ങമ്പുഴയ്ക്കുശേഷം ജനങ്ങൾക്കിടയിൽ ഏറ്റവും സ്വീകാര്യതലഭിച്ച എഴുത്തുകാരൻ എം.ടി. വാസുദേവൻനായർതന്നെയാണെന്ന് എഴുത്തുകാരന് അശോകൻ ചരുവിൽ അഭിപ്രായപ്പെട്ടു.
കൊരട്ടി ഗ്രാമപഞ്ചായത്തും സമത സാസ്കാരികവേദിയും താലൂക്ക് ലൈബ്രറി കൗൺസിലും സംയുക്തമായി കൊരട്ടിയിൽ സംഘടിപ്പിച്ച എം.ടി. വാസുദേവൻനായർ അനുസ്മരണസമ്മേളനം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനഹൃദയം തൊട്ടറിഞ്ഞ എം.ടി. സാംസ്കാരിക രംഗത്ത് അന്തസ് ഉയർത്തിപ്പിടിച്ച സാഹിത്യകാരനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അധ്യക്ഷതവഹിച്ചു. എം.ടി.യെന്ന സംവിധായകൻ എന്ന വിഷയത്തിൽ നിരൂപകൻ സി.എസ്. വെങ്കിടേശ്വരനും എം.ടി.യെന്ന തിരക്കഥാകൃത്ത് എന്ന വിഷയത്തിൽ പ്രഫ. വത്സലൻ വാതുശേരിയും പ്രഭാഷണംനടത്തി.
പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ആർ. സുമേഷ്, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി സി.ഡി. പോൾസൺ, ഐ. ബാലഗോപാൽ, ശ്രീജ വിധു, ജയരാജ് ആറ്റപ്പാടം, പി.എസ്. മനോജ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാഭവൻ ഡെൻസൻ നേതൃത്വം നൽകിയ, എം.ടി വാസുദേവൻനായരുടെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനാഞ്ജലിയും ഉണ്ടായിരുന്നു.