പുത്തൂർ ഗവ. വിഎച്ച്എസ്എസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
1495475
Wednesday, January 15, 2025 7:25 AM IST
പുത്തൂർ: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്നും നൽകിയ രണ്ടുകോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യു മന്ത്രി കെ. രാജൻ നിർവഹിച്ചു.
പുതിയ സ്കൂൾ കെട്ടിടം വിദ്യാർഥികൾക്ക് ലോകോത്തര സൗകര്യങ്ങൾ നൽകണമെന്ന ലക്ഷ്യത്തോടെ രാഷ്ട്രീയത്തിനതീതമായി എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിച്ചതിന്റെ ഫലമാണെന്ന് മന്ത്രി പറഞ്ഞു.
ഹയർ സെക്കൻഡറി സ്കൂളിനായി ചെലവഴിച്ച ഏഴുകോടി രൂപയും എൽപി സ്കൂളിനായി ചെലവഴിച്ച മൂന്നു കോടി രൂപയും ഉൾപ്പെടെ 13 കോടി 55 ലക്ഷം രൂപ കേരള സർക്കാർ നിർമാണ പ്രവർത്തനങ്ങൾക്കുവേണ്ടി ചെലവഴിച്ചെന്ന് മന്ത്രി പറഞ്ഞു.
26 വർഷങ്ങൾക്കുശേഷം സ്കൂൾ കലോത്സവത്തിൽ കീരിടം ചൂടിയ തൃശൂരിലെ വിദ്യാർഥികളെ യോഗത്തിൽ മന്ത്രി അഭിനന്ദിച്ചു. കലോത്സവത്തിൽ എ, ബി, സി ഗ്രേഡുകൾ നേടി തൃശൂരിനു കലാകിരീടം നേടിത്തന്ന വിദ്യാർഥികളെ ആദരിക്കാൻ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സുവർണോത്സവം സംഘടിപ്പിക്കുമെന്ന് മന്ത്രി യോഗത്തെ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. എ. അൻസാർ, വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ. അജിതകുമാരി, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കെ. ആർ. രവി, പുത്തൂർ ഗ്രാമ പഞ്ചാത്ത് പ്രസിഡന്റ്് മിനി ഉണ്ണികൃഷ്ണൻ, എച്ച്എസ്എസ് പ്രിൻസിപ്പൽ എസ്. മരതകം, ഹൈസ്കൂൾ വിഭാഗം പ്രധാനാധ്യാപിക കെ.എ. ഉഷാകുമാരി എന്നിവർ പങ്കെടുത്തു.