ബിനിൽ മരിച്ചതു ഡ്രോണ്‍ ആക്രമണത്തിൽ: ബന്ധു
1495488
Wednesday, January 15, 2025 7:25 AM IST
തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ ബിനിൽ കൊല്ലപ്പെട്ടതു യുക്രെയ്ൻ ഡ്രോണ്‍ ആക്രമണത്തിലെന്ന് പരിക്കേറ്റു റഷ്യയിൽ ചികിത്സയിൽ കഴിയുന്ന ബന്ധു ജെയ്ൻ കുര്യൻ. ഈമാസം അഞ്ചിനാണ് ആദ്യസംഘത്തിനൊപ്പം ബിനിലിനെ യുദ്ധമുഖത്തേക്ക് അയച്ചത്. മറ്റൊരു സംഘത്തിനൊപ്പം പോകുന്പോൾ ബിനിലിന്റെ മൃതദേഹം കണ്ടെന്നു ജെയ്ൻ പറഞ്ഞു. തൊട്ടുപിന്നാലെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിൽ ജെയ്നിനും പരിക്കേറ്റു. ബിനിലിന്റെ പിതൃസഹോദരന്റെ മകനാണു ജെയ്ൻ.
കൂലിപ്പട്ടാളത്തിനു ഭക്ഷണമെത്തിക്കേണ്ട ജോലിയെന്നു തെറ്റിദ്ധരിപ്പിച്ച് അകന്ന ബന്ധുവാണ് ബിനിലിനെയും ജെയ്നിനെയും റഷ്യയിലെത്തിച്ചത്. നാട്ടിലേക്കു മടങ്ങണമെന്ന് ആവശ്യപ്പെട്ടവർക്കു കൂലിപ്പട്ടാളത്തിൽനിന്നു ക്രൂരപീഡനമേൽക്കേണ്ടിവന്നു. മടക്കയാത്രയെക്കുറിച്ച് എംബസിയിൽനിന്ന് എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചതിന്റെ പേരിൽ ഒരു പട്ടാളക്കാരൻ തങ്ങളെ ട്രക്കിലിരുത്തി യുദ്ധമുഖത്തുകൂടി സഞ്ചരിച്ചു ശിക്ഷിച്ചതിന്റെ വിവരവും ബിനിൽ പങ്കുവച്ചിരുന്നു. കുടിക്കാൻ ഒരു ദിവസത്തെ വെള്ളം വെട്ടിച്ചുരുക്കി ഒരു കുപ്പിയാക്കി. അന്വേഷണം തുടർന്നാൽ ഷെല്ലാക്രമണം നടത്തുന്നിടത്തു കൊണ്ടുപോയി തള്ളുമെന്നു വിരട്ടുകയും ചെയ്തു.
ഒമാനിൽ ശന്പളം കുറഞ്ഞ ജോലി വേണ്ടെന്നുവച്ചു പുതിയ ജോലി തേടുന്പോഴാണ് ബന്ധു പോളണ്ടിൽ ജോലി ശരിയാക്കാമെന്ന് ഇവരെ അറിയിച്ചത്. ഇതിനായി 1.40 ലക്ഷം രൂപവീതം ബിനിലടക്കമുള്ളവരിൽനിന്ന് ഇയാൾ കൈക്കലാക്കി. വിസ ലഭിക്കുമെന്ന ഘട്ടത്തിലാണു ജോലി റഷ്യയിലാണെന്ന് അറിഞ്ഞത്. യുദ്ധകാലമായതിനാൽ പിൻമാറാനും ശ്രമിച്ചു. എന്നാൽ, കൂലിപ്പട്ടാളത്തിനു ഭക്ഷണമെത്തിക്കാനാണെന്നു വിശ്വസിപ്പിക്കുകയായിരുന്നു.
ജെയ്ൻ കുര്യനും ബിനിലും ഒന്നിച്ചാണു റഷ്യയിലെത്തിയത്. കരാർ കാലാവധി ഒരുവർഷമായതിനാൽ തിരികെയെത്താൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നായിരുന്നു പ്രതീക്ഷ. വിസ കാലാവധി തീരാൻ രണ്ടുമാസമുള്ളപ്പോൾ യുദ്ധമുഖത്തേക്കു വിട്ടു. റഷ്യയിൽ ക്രിസ്മസ് ആഘോഷങ്ങൾ നടന്ന ഏഴിനാണു തടസമില്ലാതെ വീട്ടിലേക്കു വിളിക്കാൻ പട്ടാളം ബിനിലിനെ അനുവദിച്ചത്.
യുദ്ധമുഖത്തുനിന്ന് ഷെൽ ആക്രമണത്തിൽ ജെയ്നിനു വയറിനാണു പരിക്കേറ്റത്.
ഇതിനുശേഷം ജെയ്നിന്റെ ശബ്ദസന്ദേശം ലഭിച്ചെങ്കിലും ബിനിൽ വിളിച്ചില്ല. തനിക്കൊപ്പം ബിനിൽ വീഴുന്നതു കണ്ടിരുന്നെന്നു ജെയ്ൻ പറഞ്ഞിരുന്നു. അടിയന്തരശസ്ത്രക്രിയയ്ക്കു വിധേയനായ ജെയ്ൻ ചികിത്സയിൽ തുടരുകയാണ്. ആശുപത്രിയിൽനിന്നുള്ള ദൃശ്യം വീട്ടുകാർക്കു ലഭിച്ചു. പരിക്കിന്റെ തീവ്രത, ചികിത്സ എന്നിവയെക്കുറിച്ചു വിവരമില്ല. ശസ്ത്രക്രിയയ്ക്കുശേഷം സംസാരിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. പറയാനുള്ളത് ഒന്നോ രണ്ടോ വരിയിൽ എഴുതിക്കാണിക്കും.
റഷ്യൻ പട്ടാളത്തിലെ ദുരിതം കൂലിപ്പട്ടാളത്തിൽനിന്നു രക്ഷപ്പെട്ട കൊടകര കാട്ടുകാളയ്ക്കൽ സന്തോഷും മാധ്യമങ്ങളിൽ പങ്കുവച്ചു. തൃക്കൂർ സ്വദേശി സന്ദീപ് കൊല്ലപ്പെട്ടതോടെയാണ് സന്തോഷും സംഘവും നേരിട്ടിരുന്ന ഭീകരാവസ്ഥ നാട്ടിലറിയുന്നത്. സന്ദീപും സന്തോഷും ബിനിലും ഉൾപ്പെടെ ആറുപേർ അടുത്തടുത്ത ദിവസങ്ങളിലാണ് റഷ്യയിലെത്തിയത്. ഇലക്ട്രിക്കൽ ജോലികൾക്ക് എന്നുപറഞ്ഞ് കൊണ്ടുപോയ സംഘത്തെ ആദ്യം റ്റുലയിലെ സൈനിക ക്യാന്പിലാണ് എത്തിച്ചത്.
സൈനികക്യാന്പിലും കാന്റീനിലും സഹായികളായിട്ടായിരുന്നു ജോലി. ഒരു മാസം കഴിഞ്ഞപ്പോൾ രണ്ടു സംഘങ്ങളായി തിരിച്ചു. പിന്നെ പരസ്പരം കണ്ടിട്ടില്ല. റ്റുലയിൽനിന്ന് റോസ്തോഫ്, ലു ഹാൻസ്, ബെഹുമത് എന്നീ ക്യാന്പുകളിലേക്കാണ് സന്തോഷിനെയും നെടുന്പാശേരി സ്വദേശി റെനിലിനെയും കൊണ്ടുപോയത്.
റഷ്യൻ സൈന്യത്തെ സഹായിക്കാനും ഷെൽ - ഡ്രോണ്‍ ആക്രമണങ്ങൾ ഉണ്ടായാൽ സ്വയം രക്ഷയ്ക്കായും 20 ദിവസത്തെ പരിശീലനം എന്നുപറഞ്ഞ് സൈനികപരിശീലനമാണ് നൽകിയത്. തുടർന്ന് മൂന്നരമാസത്തെ കഠിനമായ നിർബന്ധിത സായുധപരിശീലനം. ഇതിനിടെ തോക്കെടുക്കാൻ വിസമ്മതിച്ച ഈജിപ്ത് സ്വദേശിയായ ഇരുപത്തഞ്ചുകാരനെ റഷ്യൻ കമാൻഡർ നിർബന്ധിച്ച് രൂക്ഷമായ ഷെല്ലാക്രമണം നടക്കുന്ന കാർഗീവിലേക്കയച്ചു. ഇയാൾ പിന്നീട് കൊല്ലപ്പെട്ടതായി സന്തോഷ് പറഞ്ഞു.
മൃതദേഹം നാട്ടിലെത്തിക്കും: രണ്‍ധീർ ജയ്സ്വാൾ
തൃശൂർ: റഷ്യൻ സൈന്യത്തിനൊപ്പം പ്രവർത്തിച്ച കുട്ടനെല്ലൂർ സ്വദേശി ബിനിലി(32)ന്റെ മരണം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഒപ്പം പ്രവർത്തിച്ച ബന്ധു ജെയ്ൻ കുര്യൻ പരിക്കേറ്റു മോസ്കോയിൽ ചികിത്സയിലാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജയ്സ്വാൾ സാമൂഹികമാധ്യമത്തിലൂടെ സ്ഥിരീകരിച്ചു.
മരിച്ചയാളുടെ കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നെന്നും മോസ്കോയിലെ ഇന്ത്യൻ എംബസി കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കുറിപ്പിൽ പറയുന്നു. മൃതദേഹം ഇന്ത്യയിലെത്തിക്കാൻ റഷ്യൻ അധികൃതരുമായി ചേർന്നു പ്രവർത്തിക്കുകയാണ്. പരിക്കേറ്റ വ്യക്തിക്ക് ആശുപത്രിയിൽനിന്നു നേരത്തേ വിടുതൽ നൽകാനും ഇന്ത്യയിലേക്കു തിരിച്ചയയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ശേഷിക്കുന്ന ഇന്ത്യൻ പൗരൻമാരെയും തിരിച്ചയയ്ക്കണമെന്നു ശക്തമായി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശാനുസരണം ബിനിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വിദേശകാര്യമന്ത്രാലയവും ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ടു സ്വീകരിച്ചുവരികയാണെന്നു നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. ജയ്നിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തല സന്ദർശിച്ചു
തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങി യുദ്ധത്തിനിടയിൽ മരണമടഞ്ഞ കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബുവിന്റെ വീട് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ചെന്നിത്തല, മനുഷ്യക്കടത്ത് നടത്തുന്ന ഏജൻസികളെ സർക്കാർ നിയന്ത്രിക്കണമെന്നും കുറ്റക്കാർക്കെതിരേ കർശനനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതാക്കളായ എ. പ്രസാദ്, സുന്ദരൻ കുന്നത്തുള്ളി, കല്ലൂർ ബാബു, ജെയ്ജു സെബാസ്റ്റ്യൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
സ്വന്തം ലേഖകൻ