സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് ചാലക്കുടിയിൽ
1495483
Wednesday, January 15, 2025 7:25 AM IST
ചാലക്കുടി: 40-ാമത് സംസ്ഥാന യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പ് നാളെ മുതൽ 19 വരെ നഗരസഭ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. 16, 17 തീയതികളിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് എന്നീ ജില്ലകളിലെ ടീമുകളടങ്ങുന്ന നോർത്ത് സോൺ പുരുഷ - വനിതാ മത്സരങ്ങൾ നടക്കും. 18, 19 തീയതികളിൽ സൗത്ത്സോണിൽനിന്നും നോർത്ത് സോണിൽനിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരുടെ ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലും മത്സരിക്കും.
16നു രാവിലെ ഒന്പതിന് ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം ചെയ്യും. സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. കളിക്കാർക്കും ഒഫീഷ്യൽസിനും ബോൾ ബോയ്സിനും ഉള്ള ജേഴ്സി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമടത്തിൽ, നഗരസഭാ വൈസ്ചെയർപേഴ്സൻ ആലിസ് ഷിബു, പ്രതിപക്ഷനേതാവ് സി.എസ്. സുരേഷ് തുടങ്ങിയവർ നൽകും.
പുരുഷവിഭാഗത്തിലെ വിജയികൾക്കു പനമ്പിള്ളി രാഘവമേനോൻ റോളിംഗ് ട്രോഫിയും രണ്ടാംസ്ഥാനക്കാർക്കു ജയവിലാസത്തിൽ സതീശൻ മെമ്മോറിയൽ റോളിംഗ് ട്രോഫിയും വനിതാവിഭാഗത്തിൽ പാലമറ്റത്തിൽ കുറ്റിയിൽ ജോർജ് ഇട്ടൂപ്പ് റോളിംഗ് ട്രോഫിയും രണ്ടാംസ്ഥാനക്കാർക്കു പാലമറ്റത്തുകുറ്റിയിൽ ജോസ് ഇട്ടൂപ്പ് മെമ്മോറിയൽ റോളിംഗ് ട്രോഫിയും നൽകും.
അഡ്വ. ബിജു എസ്. ചിറയത്ത്, അഡ്വ.പി.ഐ. മാത്യു, എം.കെ. ബാബു, ഡിസ്ട്രിക്ട് വോളിബോൾ അസോസിയേഷൻ സെക്രട്ടറി ജോഷി ജോർജ്, ചാലക്കുടി വോളിബാൾ ക്ലബ് സെക്രട്ടറി ടി. കൃഷ്ണൻകുട്ടി, കൺവീനർ ശശിധരൻ പനമ്പിള്ളി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.