യുവതിയെ കല്ലെറിഞ്ഞു പരിക്കേല്പിച്ചയാൾക്ക് ആറേകാൽ വർഷം തടവും 25,500 രൂപ പിഴയും
1495938
Friday, January 17, 2025 1:57 AM IST
തൃശൂർ: പട്ടികജാതി യുവതിയോട് അപമര്യാദയായി പെരുമാറുകയും വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകയറി കല്ലെറിഞ്ഞു പരിക്കേല്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ആറേകാൽ വർഷം തടവും 25,500 രൂപ പിഴയും അടയ്ക്കാൻ എസ്സി, എസ്ടി കേസുകള്‍ക്കുള്ള തൃശൂരിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. കോടശേരി ചന്ദനക്കുന്ന് തെക്കന്‍വീട്ടില്‍ ബിജു(50)വിനെയാണ് ജഡ്ജി കെ. കമനീസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ അഞ്ചുമാസവും 15 ദിവസവും അധികതടവ് അനുഭവിക്കണം. പിഴ അടച്ചാൽ തുക പരാതിക്കാരിക്കു നല്‍കാനും വിധിയില്‍ നിർദേശിച്ചു.
2021ല്‍ വെള്ളിക്കുളങ്ങര പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ചാലക്കുടി ഡിവൈഎസ്പിയായിരുന്ന സി.ആർ. സന്തോഷ് പ്രാഥമികാന്വേഷണം നടത്തി. ഡിവൈഎസ്പി കെ.എം. ജിജിമോന് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. അസിസ്റ്റന്റ് എസ്ഐ ഇ.എസ്. സിജിത്ത് പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു. വാദിക്കുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.കെ. കൃഷ്ണന് ഹാജരായി.