അകമലയിലും കാക്കിനിക്കാടും കാട്ടാനകൾ കൃഷിനശിപ്പിച്ചു
1495481
Wednesday, January 15, 2025 7:25 AM IST
വടക്കാഞ്ചേരി: അകമലയിലും വാഴാനി കാക്കിനിക്കാടും കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പാറയിൽ വീട്ടിൽ കാശുവെന്ന ഗോവിന്ദൻ കുട്ടിയുടെ തെങ്ങുകളും കവുങ്ങുകളും വാഴയുമാണ് പ്രധാനമായും കാട്ടാനകൾ നശിപ്പിച്ചിരിക്കുന്നത്. വിളവെടുക്കാറായ നെല്ലും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
ആനശല്യം രൂക്ഷമായതിനെ തുടർന്ന് വാഴത്തോട്ടത്തിൽ തീക്കൂനതീർത്ത് പാട്ടയുമായി കാവലിരിക്കേണ്ട സാഹചര്യമാണെന്നാണ് പാറയിൽ വീട്ടിൽ ശശി പറയുന്നത്. അടച്ചുറപ്പില്ലാത്ത വീട്ടിൽ ചെറിയ കുട്ടികളുമായി കഴിയുന്ന വീടിന്റെ മുറ്റത്തുപോലും രാത്രിയായാൽ കാട്ടനക്കൂട്ടങ്ങളെത്തുന്നതിനാൽ തന്നെ ഏറെ ഭയത്തിലാണ് കുഴിയോട് സ്വദേശി ഇന്ദിരയും കുടുംബവും.
ചക്യാർക്കുന്നത്തുള്ള ലോറൻസിന്റെയും അവസ്ഥ മറ്റൊന്നല്ല. ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിട്ട് മൂന്നുവർഷം പിന്നിടാനൊരുങ്ങുമ്പോഴും മനുഷ്യ വന്യജീവി സഘർഷം ലഘൂകരിക്കുന്നതിനായി വൈദ്യുത വേലികളോ ആർആർടി സംവിധാനമോ ഇല്ലാത്തതിൽ ഏറെ പ്രതിഷേധത്തിലാണ് നാട്ടുകാർ. കാട്ടാനകൾ നിരന്തരമായെത്തി ആയിരത്തിലധികം വാഴകൾ നശിപ്പിച്ചതിനെത്തുടർന്ന് കരാറുകാരൻ ഗോവിന്ദൻകുട്ടി വാഴകൃഷി പൂർണമായും ഉപേക്ഷിച്ചു.
കൃഷിക്ക് നേരെയുള്ള കാട്ടാനകളുടെ ആക്രമണം നിയന്ത്രണമില്ലാതെ തുടർന്നാൽ കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന മലയോര കർഷകരുടെ ഉപജീവനംപോലും അവതാളത്തിലാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
വലിയൊരു കൊമ്പനും രണ്ടു കുട്ടിയാനകളും ഉൾപ്പെടെ ആറ് ആനകളാണ് ഈ പ്രദേശത്ത് നിരന്തരമായി കൃഷിനാശം വരുത്തുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ വാഴാനി കാക്കിനിക്കാട് ട്രൈബൽ കോളനിക്കു സമീപം താമസിക്കുന്ന നെടിയ പാലക്കൽ പരേതനായ ചാക്കയുടെ കൃഷിയിടത്തിലും കാട്ടാനകളെത്തി വിവിധ കൃഷികൾ നശിപ്പിച്ചിരുന്നു. പ്രദേശത്ത് സ്ഥാപിച്ച വൈദ്യൂതി വേലിയും അറ്റകുറ്റപ്പണികൾ നടത്താതെ നശിച്ചിരിക്കുകയാണ്. ഇതിനെതിരെ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്.