താലപ്പൊലി മഹോത്സവം ഇന്നു സമാപിക്കും
1495937
Friday, January 17, 2025 1:57 AM IST
കൊടുങ്ങല്ലൂർ: ശ്രീ കുരുംബ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഇന്നു സമാപിക്കും. ഉച്ചയ്ക്ക് ഒന്നിനു തുടങ്ങുന്ന പകൽപ്പൂരത്തിൽ മേള കലാനിധി കിഴക്കൂട്ട് അനിയൻമാരാരും സംഘവും പാണ്ടിയിൽ മേളവിസ്മയം തീർക്കും. ചോറ്റാനിക്കര സുഭാഷ് മാരാരുടെ നേതൃത്വത്തിൽ നടക്കുന്ന പഞ്ചവാദ്യത്തിനുശേഷമാണ് കൊടുങ്ങല്ലൂർക്കാവിൽ പാണ്ടിമേളം കൊട്ടിക്കയറുക.
മൂന്നാം താലപ്പൊലിനാളായ ഇന്നലെ രാത്രിയെഴുന്നള്ളിപ്പ് പതിനെട്ടരയാളം കോവിലകത്തുനിന്നുമാണ് ആരംഭിച്ചത്. പെരുവനം സതീശൻമാരാരുടെ നേതൃത്വത്തിൽ നടന്ന പാണ്ടിമേളം ജനങ്ങളുടെ കാതിൽ തേൻമഴയായി.
സമാപനദിവസമായ ഇന്നു പതിനായിരങ്ങൾ കാവിൽ നിറയും. വൈകീട്ട് ആറിനു പകൽപ്പൂരം കഴിയുന്നതോടെ വെടിക്കെട്ട് ആരംഭിക്കും. രാത്രി 7.30 നു പ്രശസ്തഗായിക ദുർഗ വിശ്വനാഥ് നയിക്കുന്ന ഗാനമേള അരങ്ങേറും. തുടർന്നു രാത്രി എഴുന്നള്ളിപ്പിനുശേഷം നടക്കുന്ന വെടിക്കെട്ടോടെ നാലുനാൾ കൊടുങ്ങല്ലൂർക്കാവിൽ ഉത്സവച്ചന്തം നിറച്ച താലപ്പൊലി മഹോത്സവം സമാപിക്കും.