ആനകൾ തമ്മിലുള്ള അകലം: പന്ത് സർക്കാരിന്റെ കോർട്ടിൽ
1495487
Wednesday, January 15, 2025 7:25 AM IST
തൃശൂർ: എഴുന്നള്ളിപ്പുകൾക്ക് അണിനിരക്കുന്ന ആനകൾ തമ്മിൽ എത്ര അകലം വേണമെന്ന കാര്യം സംസ്ഥാനസർക്കാർ വ്യക്തമാക്കണമെന്നു ഹൈക്കോടതി നിർദേശിച്ചതോടെ തൃശൂർ പൂരമടക്കമുള്ള പ്രധാന ആനയെഴുന്നള്ളിപ്പുകൾ നടക്കുന്ന ഉത്സവ പൂരാഘോഷങ്ങളിൽ തീരുമാനമെടുക്കാനുള്ള അവസരം സർക്കാരിന്. ഇതോടെ ആനയെഴുന്നള്ളിപ്പ് വീണ്ടും ചർച്ചയാവുകയാണ്.
ആനകൾ തമ്മിൽ "മതിയായ അകലം' വേണമെന്നാണ് 2012 ലെ എഴുന്നള്ളത്തുചട്ടത്തിൽ പറഞ്ഞിരിക്കുന്നത്. മതിയായ എന്ന കണക്ക് എത്രയാണെന്നാണ് സർക്കാർ വ്യക്തമാക്കേണ്ടിവരിക. ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന എഴുന്നള്ളിപ്പുകൾപോലെതന്നെ തുടർന്നും ആനയെഴുന്നള്ളിപ്പുകൾ നടത്താൻ വേണ്ട തീരുമാനമാണ് എടുക്കേണ്ടതെന്നു വിവിധ പൂരം ഉത്സവ ഭാരവാഹികൾ പറഞ്ഞു. സർക്കാർ കോടതിയിൽ നൽകുന്ന തീരുമാനം വളരെ പ്രധാനപ്പെട്ടതാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഹൈക്കോടതിക്ക് ഇത്ര മീറ്റർ എന്നതുസംബന്ധിച്ച് കൃത്യം കണക്ക് നൽകേണ്ടിവരുമോ എന്നതാണ് ബാക്കിയാകുന്ന ചോദ്യം. ഒരാഴ്ചയ്ക്കുള്ളിൽ ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ ആനയെഴുന്നള്ളിപ്പിലെ അകലം സംബന്ധിച്ചു റിപ്പോർട്ട് നൽകണം. എഴുന്നള്ളിപ്പുകളുടെ ശോഭകെടുത്തുന്ന യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന ശുഭപ്രതീക്ഷയിലാണ് പൂരപ്രേമികൾ.
ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുംമുൻപ് കേരളത്തിലെ പ്രധാന ദേവസ്വങ്ങളുമായി സർക്കാർ ഇക്കാര്യം സംസാരിക്കുമെന്നും സൂചനകളുണ്ട്. സർക്കാർ കൈക്കൊള്ളുന്നതും ഹൈക്കോടതിയിൽ സമർപ്പിക്കുന്നതുമായ തീരുമാനം അടിസ്ഥാനമായിട്ടാകും ഇനിയങ്ങോട്ടുള്ള ആനയെഴുന്നള്ളിപ്പുകൾ.
ആനകൾ തമ്മിൽ മൂന്നുമീറ്റർ അകലം വേണമെന്ന ഹൈക്കോടതിയുടെ നിർദേശം അപ്രായോഗികമാണെന്ന് തൃശൂർ പൂരത്തിന്റെ പ്രധാന നടത്തിപ്പുകാരായ തിരുവന്പാടി - പാറമേക്കാവ് ദേവസ്വങ്ങൾ വ്യക്തമാക്കിയിരുന്നു. തുടർന്ന് ആനവിഷയം കോടതി കയറുകയുമുണ്ടായി.
b>സ്വന്തം ലേഖകൻ