കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ ഒന്നാം താലപ്പൊലി ഭക്തിസാന്ദ്രം
1495486
Wednesday, January 15, 2025 7:25 AM IST
കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിലെ ഒന്നാം താലപ്പൊലി ഭക്തരുടെ നേർച്ചകാഴ്ച സമർപ്പണംകൊണ്ട് ഭക്തിസാന്ദ്രമായി.
പുലർച്ചെ ക്ഷേത്രത്തിന്റെ തെക്കേനടയിലെ കുരുംബയുടെ നടയിൽനിന്നും കുഡുംബി സമുദായക്കാരായ നിരവധി സംഘങ്ങൾ ആടുകളെ പൂമാലയണിയിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പഴക്കുലകളും ഏന്തി ക്ഷേത്രാങ്കണത്തിലേക്ക് ആനയിച്ചുകൊണ്ടുപോയി നടതള്ളി. വ്രതാനുഷ്ഠാനുങ്ങളോടെ ക്ഷേത്രത്തിലെത്തിയ മലയരയൻമാർ കൂട്ടംചേർന്ന് ക്ഷേത്രനടയിലെ ആൽത്തറകളിൽ വട്ടമിരുന്ന് അവിലും മലരും ശർക്കരയും ചേർത്ത് സവാസിനിപൂജ നടത്തി.
വഴിപാടു സമർപ്പണം ഉച്ചയോടെ സമാപിച്ചപ്പോൾ ഒരുമണിയോടെ ഒന്നാം താലപ്പൊലിനാളിലെ പകൽ എഴുന്നള്ളിപ്പ് ആരംഭിച്ചു. അന്നമനട മുരളീധരൻമാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ സംഘത്തിന്റെ ചെണ്ടമേളവും എഴുന്നള്ളിപ്പിനു കൊഴുപ്പേകി.
വൈകീട്ട് ആറുമണിയോടെ ഒൻപത് ആനകളെ അണിനിരത്തിയുള്ള എഴുന്നള്ളിപ്പ് ക്ഷേത്രനടയിൽ സമാപിച്ചു. തുടർന്ന് 1001 കതിനവെടികളുടെ അകമ്പടിയോടെ കരിമരുന്നുപ്രയോഗവും വിവിധ കലാപരിപാടികളും നടന്നു.