താക്കോൽപദവിയല്ല, കോൺഗ്രസിന്റെ ലക്ഷ്യം തദ്ദേശതെരഞ്ഞെടുപ്പ്
1495936
Friday, January 17, 2025 1:57 AM IST
തൃശൂർ: ഡിസിസി പ്രസിഡന്റിനെ കൃത്യസമയത്തുതന്നെ എഐസിസി തീരുമാനിച്ചു പ്രഖ്യാപിക്കുമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുപ്രവർത്തനങ്ങൾ തുടങ്ങാൻ അതിനുവേണ്ടി കാത്തുനിൽക്കരുതെന്നും ഐഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
കഴിഞ്ഞ ശനിയാഴ്ച ഗായകൻ ജയചന്ദ്രന് ഇരിങ്ങാലക്കുടയിൽ അന്ത്യോപചാരമർപ്പിച്ചശേഷം ചാലക്കുടിയിൽ സനീഷ്കുമാർ ജോസഫ് എംഎൽഎ, മുൻ ഡിസിസി പ്രസിഡന്റുമാരായ എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, മുൻമേയർ രാജൻ പല്ലൻ, ചാലക്കുടി മുനിസിപ്പൽ ചെയർമാൻ എബി ജോർജ്, മുൻ മുനിസിപ്പൽ ചെയർമാൻ വി.ഒ. പൈലപ്പൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിർദേശം നല്കിയത്.
നേതൃമാറ്റത്തിനായി കാത്തുനിൽക്കാതെ ഡിസിസി ചുമതലയുള്ള വി.കെ. ശ്രീകണ്ഠൻ എംപിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കണം. ജില്ലയിലെ നേതാക്കൾ അണികൾക്കൊപ്പം വാർഡ്തലത്തിൽ ഇറങ്ങിച്ചെന്ന് ആത്മാർഥമായി പ്രവർത്തിക്കണം. ജില്ലയിലെ എല്ലാ വാർഡുകളിലും ഉടനടി കമ്മിറ്റി രൂപീകരിക്കണം. മണ്ഡലം കമ്മിറ്റി രൂപീകരണവും സമയബന്ധിതമായി പൂർത്തിയാക്കണം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷവിജയം കോൺഗ്രസിനും യുഡിഎഫിനുമുണ്ടാകണമെന്നും അദ്ദേഹം നേതാക്കളോട് ഓർമിപ്പിച്ചു.
സംസ്ഥാനസർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ അഴിമതികളും കെടുകാര്യസ്ഥതയും ഉയർത്തിക്കാട്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് കോൺഗ്രസ് നേതൃത്വം നല്കുക. ഇടതുഭരണകോട്ടങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ പഞ്ചായത്തുതലംതൊട്ട് വിവിധ സമരപരിപാടികൾ ആസൂത്രണംചെയ്തുകൊണ്ടാണു യുഡിഎഫ് തെരഞ്ഞെടുപ്പിനൊരുങ്ങുക.
ജില്ലയിൽ കോൺഗ്രസിനു സ്ഥിരാധ്യക്ഷനില്ലെങ്കിലും വി.കെ. ശ്രീകണ്ഠന്റെ നേതൃത്വത്തിൽ നേതാക്കളും അണികളും തൃപ്തരാണെന്നാണു പൊതുവെയുള്ള വിലയിരുത്തൽ. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവ് ജോസഫ് ടാജറ്റ്, മുൻ എംഎൽഎ അനിൽ അക്കര എന്നിവരെയാണ് പുതിയ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു നേതൃത്വം പരിഗണിക്കുന്നത്.