തിരുവില്വാമലയിൽ അനധികൃത മദ്യവില്പന
1495476
Wednesday, January 15, 2025 7:25 AM IST
തിരുവില്വാമല: തിരുവില്വാമല ടൗണിൽ എസ്എം കല്യാണമണ്ഡപത്തിനുസമീപം അനധികൃത മദ്യവിൽപനയും കഞ്ചാവും വ്യാപകമാകുന്നു. മെയിൻ റോഡിൽനിന്ന് കുത്താമ്പുള്ളി റോഡിലേക്ക് തിരിയുന്ന ഭാഗത്ത് യൂണിയൻ ഓഫീസ് പരിസരത്തും പച്ച മീൻ വിൽപന കേന്ദ്രങ്ങൾക്കു സമീപവുമാണ് രാപ്പകൽ ഭേദമന്യേ മയക്കുമരുന്നും മദ്യവിൽപനയിൽ നടക്കുന്നത്. മദ്യവിൽപന വ്യാപകമായിട്ടും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നു നാട്ടുകാർ പറഞ്ഞു.
യൂണിയൻ ഓഫീസിനു സമീപം ജീവ സൂപ്പർ മാർക്കറ്റിലേക്ക് പോകുന്ന വഴിയിൽ രാത്രി ഏഴുമണിയായാൽ മദ്യപസംഘങ്ങളുടെ വിളയാട്ടമാണ്. ആവശ്യക്കാർക്ക് പരസ്യമായാണ് പെഗ് കണക്കിന് മദ്യം ഒഴിച്ചുകൊടുക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ മേഖലയിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം ഏറിയിട്ടുണ്ട്. ഇതുമൂലം സ്ത്രീകൾക്കും കുട്ടികൾക്കും ഇതുവഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ് .
കഴിഞ്ഞദിവസം മദ്യവിൽപന സംഘത്തിലെ ഒരാൾ സമീപത്തെ സൂപ്പർ മാർക്കറ്റിൽ കയറി കടയുടമയെ ഭീഷണിപ്പെടുത്തുന്ന സംഭവംവരെ ഉണ്ടായി. സാമൂഹ്യവിരുദ്ധരുടെ ശല്യത്തിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.