എംജി റോഡ് വികസനം: ഭൂമി സൗജന്യമായി വിട്ടുനല്‍കി മലബാർ ഗോൾഡ്
1495935
Friday, January 17, 2025 1:57 AM IST
തൃശൂർ: കോർപറേഷന്റെ സ്വപ്നപദ്ധതിയായ എംജി റോഡ് വികസനം യാഥാർഥ്യമാകുന്നു. ശങ്കരയ്യാ റോഡ് ജംഗ്ഷനിലുള്ള മലബാർ ഗോൾഡിനുമുൻവശത്തെ അരസെന്റിലേറെ ഭൂമി സൗജന്യമായി കോർപറേഷനു വിട്ടുനല്‍കി.
മറ്റു ഭൂവുടമകളും ഭൂമി സൗജന്യമായി വിട്ടുനല്‍കാൻ തയാറായതായും റോഡ് വീതികൂട്ടുന്നതിനാവശ്യമായ നടപടികൾ ഉടനടി ആരംഭിക്കുമെന്നും മേയർ എം.കെ. വർഗീസ് അറിയിച്ചു. പണി പൂർത്തിയാകുന്നതോടെ കാൽനൂറ്റാണ്ടിലേറെയായുള്ള തൃശൂർക്കാരുടെ കാത്തിരിപ്പിനു വിരാമമാകും.
നഗരത്തിന്റെ ഹൃദയഭൂമിയായ സ്വരാജ് റൗണ്ടിലേക്കുള്ള പ്രധാനപാതയായ എംജി റോഡിലെ ഗതാഗതക്കുരുക്ക് നഗരത്തെയാകെ ബാധിക്കുന്ന വിധത്തിൽ വലിയ പ്രതിസന്ധിയായിരുന്നു. ഇതിനാണു ശാശ്വത പരിഹാരമാകുന്നത്.