മിനി ബസ് പാടത്തേക്കു മറിഞ്ഞ് ഡ്രൈവർക്കു പരിക്ക്
1495644
Thursday, January 16, 2025 2:29 AM IST
പൂങ്കുന്നം: കൂറ്റൂർ പൂങ്കുന്നം എംഎൽഎ റോഡിൽ മിനി ബസ് നിയന്ത്രണംവിട്ടു പാടത്തേക്കു തലകീഴായി മറിഞ്ഞു. ഡ്രൈവർക്കു പരിക്ക്. പാലക്കാട് സ്വദേശി ബിജു(50)വിനാണ് പരിക്ക്.
ഇന്നലെ രാവിലെ 9.30നാണ് അപകടം. വഴിവക്കിൽ പാടത്തേക്കു വീണുകിടന്ന മരത്തിന്റെ വേരിൽ തട്ടി നിയന്ത്രണംവിട്ടു വാഹനം പാടത്തേക്കു മറിയുകയായിരുന്നു. ഇതരസംസ്ഥാനതൊഴിലാളികളെ തൊഴിലിടത്തിലിറക്കി മടങ്ങുന്നതിനിടെയാണ് അപകടം. ബസിന്റെ മുൻവശം ഉൾപ്പെടെ തകർന്നു.
പരിക്കേറ്റ ബിജു ആംബുലൻസ് ലഭിക്കാതെ അരമണിക്കൂറോളം രക്തംവാർന്നുകിടന്നു. വാരിയെല്ലുകളും കൈയിലെ എല്ലുകളും ഒടിഞ്ഞ ബിജു, നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.