ഭാവിതലമുറയെ നന്മയോട് ആഭിമുഖ്യമുള്ളവരായി വളർത്തണം: വി.ഡി. സതീശൻ
1495468
Wednesday, January 15, 2025 7:24 AM IST
എറിയാട്: മനുഷ്യബുദ്ധിയേക്കാൾ വേഗതയിൽ കാര്യങ്ങൾ മനസിലാക്കാൻ കഴിവുള്ള കണ്ടുപിടിത്തങ്ങൾ ആധുനികമനുഷ്യൻ കൈവരിച്ചിരിക്കുന്നു. അത് ഉപയോഗിക്കുന്നിടത്ത് നന്മയുടെയും സ്നേഹത്തിന്റെയും ചേരുവകൾ ഉൾച്ചേർക്കാൻ രക്ഷിതാക്കളും അധ്യാപകരും പരിശ്രമിക്കണമെന്ന് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.
എറിയാട് ഗവ. കേരളവർമ സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അലുംനി അസോസിയേഷൻ പുറത്തിറക്കുന്ന സോവനീർ പ്രകാശനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രകാരൻ ഡാവിഞ്ചി സുരേഷ് സോവനീർ ഏറ്റുവാങ്ങി. അലുംമിനി അസോസിയേഷൻ ചെയർമാൻ അമീർ അഹമ്മദ് മണപ്പാട്ട് അധ്യക്ഷനായിരുന്നു. അലുംമിനി അസോസിയേഷൻ വൈസ് ചെയർമാൻ ഇ.വി. രമേശൻ എഡിറ്റോറിയൽ ബോർഡിനെയും സോവനീറും പരിചയപ്പെടുത്തി.
വിരമിക്കുന്ന അധ്യാപകർ, സ്കൂൾ ജില്ലാ കലോത്സവപ്രതിഭകൾ, ഏറ്റവും നല്ല നാടകനടനുള്ള സംസ്ഥാന അവാർഡ് നേടിയ പൂർവ വിദ്യാർഥി മുഹമ്മദ് റഷീദ് എന്നിവർക്കുള്ള ആദരവും ഇ.ടി. ടൈസൺ എംഎൽഎ നിർവഹിച്ചു. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
ജില്ലാപഞ്ചായത്ത് മെമ്പർ സുഗത ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സമ്മ, ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ. മുഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു.