ബിജെപി തെരഞ്ഞെടുപ്പിലെ കൈയാങ്കളി; നേതൃത്വം പരിശോധിക്കും
1496187
Saturday, January 18, 2025 1:46 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ബിജെപി സംഘടനാ തെരഞ്ഞെടുപ്പിനിടെയുണ്ടായ കൈയാങ്കളിയെക്കുറിച്ച് സംസ്ഥാനനേതൃത്വം പരിശോധിക്കും. മണ്ഡലം പ്രസിഡന്റുമാരെ തെരഞ്ഞെടുക്കാനുള്ള കോർ കമ്മിറ്റി യോഗത്തിലുണ്ടായ അസാധാരണസംഭവങ്ങൾ അതീവഗൗരവത്തോടെയാണ് സംസ്ഥാനനേതൃത്വം കാണുന്നത്. ബിജെപി പ്രതീക്ഷ വച്ചുപുലർത്തുന്ന തൃശൂർ ജില്ലയിൽ പാർട്ടിക്കുള്ളിൽ ഇത്തരം അപസ്വരങ്ങൾ ഉയരുന്നത് ഒരുകാരണവശാലും അനുവദിക്കാനാവില്ലെന്ന കടുത്ത നിലപാടിലാണ് നേതൃത്വം.
മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്കു നിർദേശിക്കുന്നവരുടെ പേരുകൾ എഴുതിവാങ്ങി അതു സംസ്ഥാന വരണാധികാരിയും ജില്ലാ കോർ കമ്മിറ്റിയും പരിശോധിച്ചു വിലയിരുത്തലുകൾ നടത്തിയശേഷമാണ് ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ ചിലർ തങ്ങളുടെ നോമിനികളെ ഭാരവാഹികളാക്കാത്തതിൽ പ്രതിഷേധമുയർത്തിയതാണ് പ്രശ്നങ്ങൾക്കു തുടക്കമിട്ടത്.
ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള മണ്ഡലം ഭാരവാഹികളുടെ കാര്യത്തിൽ ആർക്കും എതിരഭിപ്രായമുണ്ടായിരുന്നില്ലെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്കു മറ്റു പാർട്ടികളെക്കാൾമുൻപേ കടക്കാനാണ് പുതിയ ഭാരവാഹികളെ ചുമതലയേല്പിച്ചു ജോലികൾ തുടങ്ങിയതെന്നു ജില്ലാ ഭാരവാഹികൾ പറഞ്ഞു. അസംതൃപ്തരായ ജില്ലാ കമ്മിറ്റിയിൽതന്നെയുള്ള ചിലരെ ശാന്തരാക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. പാർട്ടി ജില്ലയിൽ ഒറ്റക്കെട്ടാണെന്നാണ് ജില്ലാ നേതൃത്വം അവകാശപ്പെടുന്നത്. ഇപ്പോൾ പുറത്തുവന്നിട്ടുള്ള പാർട്ടിക്കുള്ളിലെ പൊട്ടിത്തെറികൾ തദ്ദേശഭരണ തെരഞ്ഞെടുപ്പിനുമുന്പ് പരിഹരിക്കാനാണ് സംസ്ഥാനനേതൃത്വം കർശനനിർദേശം നൽകിയിട്ടുള്ളത്.
തൃശൂർ ജില്ലയെ മൂന്നു സംഘടനാ ജില്ലയാക്കിയതിനുശേഷം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരവും കടുത്തതായിരുന്നു. ഇതിന്റെ ഫലപ്രഖ്യാപനം ഇന്നോ നാളെയോ സംസ്ഥാന വരണാധികാരി നടത്തും.
ജില്ലയിൽ 26ൽ അഞ്ചു മണ്ഡലങ്ങളിൽ
വനിതാ പ്രസിഡന്റുമാർ
തൃശൂർ: ഭരണസംവിധാനങ്ങളിൽ സ്ത്രീകൾക്കു പ്രാധാന്യം നൽകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശാനുസരണം തൃശൂർ ജില്ലയിൽ പുതുതായി തെരഞ്ഞെടുത്ത 26 മണ്ഡലം പ്രസിഡന്റുമാരിൽ അഞ്ച് വനിതാ പ്രസിഡന്റുമാർ.
നാരീശക്തി ഭരണമേഖലയിൽ വേണമെന്ന പ്രധാനമന്ത്രിയുടെ നിർദേശത്തെതുടർന്നാണ് ഇത്തരത്തിൽ അഞ്ചു വനിതാ പ്രസിഡന്റുമാരെ പ്രധാന മണ്ഡലങ്ങളുടെ ചുമതല ഏല്പിച്ചതെന്നു ജില്ലാ നേതൃത്വം പറഞ്ഞു. പ്രധാനമന്ത്രിയുടെ നിർദേശം തൃശൂരിൽനിന്നുതന്നെ പ്രാവർത്തികമാക്കുകയാണ് തങ്ങൾ ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു.
റിനി മാണി (നാട്ടിക), വർഷ മണികണ്ഠൻ (ചാവക്കാട്), ചിഞ്ചു രാജീവ് (ചേർപ്പ്), കാർത്തിക സജയ് (കയ്പമംഗലം), ആർച്ച അനീഷ് (ഇരിങ്ങാലക്കുട) എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് വനിതാ മണ്ഡലം പ്രസിഡന്റുമാർ.
അസംതൃപ്തർ ഇടഞ്ഞു
തൃശൂർ: ബിജെപിക്കുള്ളിലെ അസംതൃപ്തർ രണ്ടുംകല്പിച്ച് കളത്തിലിറങ്ങിയതോടെ സംഘടനാ തെരഞ്ഞെടുപ്പിൽ നാടകീയരംഗങ്ങൾ. മണ്ഡലം പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പുസമയത്താണ് പാർട്ടിക്കുള്ളിലെ അസംതൃപ്തർ പരസ്യമായി ഇടഞ്ഞത്.
തങ്ങളുടെ നോമിനികൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതാണ് ഇവരെ രോഷാകുലരാക്കിയതത്രെ. തുടർന്നാണ് വാക്കേറ്റം കൈയാങ്കളിയിലേക്കും കസേര അടിച്ചുപൊട്ടിക്കലിലേക്കും ചുമരിൽ ഇടിച്ചു പ്രതിഷേധിക്കുന്നതിലേക്കുമൊക്കെ എത്തിയത്.
മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതുസംബന്ധിച്ച് അതാതു മണ്ഡലം കമ്മിറ്റികളിൽനിന്ന് എഴുതിവാങ്ങിയ അഭിപ്രായങ്ങൾ പരിശോധിച്ച് സമവായത്തിലൂടെ തെരഞ്ഞെടുക്കാനായി കോർ കമ്മിറ്റി ചേർന്നിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത പൊട്ടിത്തെറികളുണ്ടായത്.
പാർട്ടി ജില്ലയിൽ ഒറ്റക്കെട്ടാണെന്നു നേതൃത്വം പറയുന്നുണ്ടെങ്കിലും വിവിധ നേതാക്കളുടെ കീഴിൽ ഗ്രൂപ്പുകൾ ശക്തിപ്പെടുന്നതിന്റെ തെളിവാണ് ഈ പൊട്ടിത്തെറിയെന്നും കരുതുന്നുവരുണ്ട്.