കാന അപകടഭീഷണി
1496194
Saturday, January 18, 2025 1:46 AM IST
കൊടകര: പഞ്ചായത്തില്‍ ഈയിടെ നവീകരിച്ച പേരാമ്പ്ര - പുത്തൂക്കാവ് ചാത്തന് മാസ്റ്റര്‍ റോഡിലെ കാനകള്‍ സ്ലാബ് ഇട്ട് സുരക്ഷിതമാക്കാത്തത് അപകടഭീഷണി ഉയര്‍ത്തുന്നതായി പരാതി.
റോഡിന്റെ ഒരുവശത്ത് നിര്‍മിച്ച കാനകള്‍ സ്ലാബില്ലാത്തതിനാല്‍ തുറന്നു കിടക്കുകയാണ്. എതിരെവരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ ഇരുചക്രവാഹനയാത്രക്കാരും കാല്‍നടക്കാരും കാനയിലേക്കുവീഴാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പധികൃതരോട് പരാതിപ്പെട്ടപ്പോള്‍ കാനകള്‍ക്ക് സ്ലാബിട്ടുമൂടാനുള്ള ഫണ്ടില്ലെന്നാണ് മറുപടി കിട്ടിയതെന്ന് നാട്ടുകാരനും വിവരാവകാശപ്രവര്‍ത്തകനുമായ പുഷ്പാകരന്‍ തോട്ടുംപുറം പറഞ്ഞു.
അടുത്താഴ്ച നടക്കാനിരിക്കുന്ന പുത്തൂക്കാവ് താലപ്പൊലി, പേരാമ്പ്ര പള്ളി തിരുനാള്‍ എന്നീ ആഘോഷങ്ങള്‍ക്ക് നൂറുകണക്കിനാളുകള്‍ ഇതുവഴി എത്തുമെന്നിരിക്കെ കാനയില്‍വീണ് അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പുഷ്പാകരന്‍ തോട്ടുംപുറം പറഞ്ഞു. കുറഞ്ഞപക്ഷം റോഡിനു വളവുള്ള ഭാഗത്തെങ്കിലും കാനകള്‍ക്ക് സ്ലാബിടാനുള്ള നടപടി ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.