ോപോലീസിനുനേരേ കൈയേറ്റ ശ്രമം: യുവാവ് അറസ്റ്റിൽ
1495034
Tuesday, January 14, 2025 1:43 AM IST
കാടുകുറ്റി: പോലീസ് ഉദ്യോഗസ്ഥർക്കു നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കാടുകുറ്റി ചെട്ടിവളപ്പിൽ ഇനാശുവിന്റെ മകൻ ആൽബിനെ (33)യാണ് കൊരട്ടി പോലീസ് പിടികൂടിയത്.
കാടുകുറ്റി ഉണ്ണിമിശിഹാ പള്ളിയിൽ തിരുനാളിനോടനുബന്ധിച്ചുനടന്ന ഗാനമേളയ്ക്കിടെ ഞായറാഴ്ച രാത്രി 9.30 നായിരുന്നു കേസിനാസ്പദമായ സംഭവം.
സദസിൽ സ്ത്രീകൾ ഇരിക്കുന്ന ഭാഗത്ത് ആൽബിൻ ഡാൻസ് കളിച്ച് സ്ത്രീകൾക്ക് ശല്യമുണ്ടാക്കുന്നുവെന്ന് തിരുനാൾ കമ്മിറ്റിക്കാർ അറിയിച്ചതനുസരിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ സി.പി. ഷിബുവും സീനിയർ സിപിഒ സജീഷ് കുമാറും ആൽബിനോട് അവിടെ നിന്നും മാറണമെന്നാവശ്യപ്പെട്ടതാണ് പ്രകോപനത്തിനു കാരണമായത്. ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏൽപ്പിച്ചതിനൊപ്പം യൂണിഫോം പിടിച്ചു വലിക്കുകയും നെയിംപ്ലേറ്റുകൾ വലിച്ചു പൊട്ടിക്കുകയുമായിരുന്നു.
സംഭവമറിഞ്ഞ് കൂടുതൽ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദേഹോപദ്രവത്തിൽ പരിക്കുപറ്റിയതിനെ തുടർന്ന് എസ്ഐയെ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം നൽകി. ഉദ്യാേഗസ്ഥരെ ദേഹോപദ്രവമേൽപ്പിച്ചതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്ഐമാരായ ഒ.ജി. ഷാജു, എൻ.എസ്. റെജിമോൻ, എഎസ്ഐ സി.ടി. ഷിജോ, ഉദ്യോഗസ്ഥരായ ശ്രീനാഥ്, ഉണ്ണികൃഷ്ണൻ, ദീപു, അനൂപ് എന്നിവരാണ് ഉണ്ടായിരുന്നത്.