മാലിപ്പുറം സ്വതന്ത്ര മൈതാന നവീകരണം; സമരസമിതിയുടെ നിർദേശം അംഗീകരിച്ചു
1545579
Saturday, April 26, 2025 4:59 AM IST
വൈപ്പിൻ: അഖില കേരള അടിസ്ഥാനത്തിൽ സെവൻസ് ഫുട്ബോൾ മത്സരങ്ങൾ നടക്കാറുള്ള മാലിപ്പുറം സ്വതന്ത്ര മൈതാനം ചുരുക്കി പൊതുയോഗ സ്ഥലമാക്കാനുള്ള ഹാർബർ എൻജിനീയറിംഗിന്റെ പദ്ധതിയിൽ കായികപ്രേമികളുടെ എതിർപ്പിനെ തുടർന്ന് മാറ്റങ്ങൾ വരുത്തി. മൈതാനത്തിന്റെ സിംഹഭാഗവും അപഹരിക്കുന്ന തരത്തിൽ 15 മീറ്റർ നീളവും ഒമ്പത് മീറ്റർ വീതിയുമുള്ള കൂറ്റൻ സ്റ്റേജും അതിനു പുറകിൽ ഗ്രീൻ റൂമും ടോയ്ലറ്റും പാർക്കിംഗ് ഏരിയയും, ഓപ്പൺ ജിം, വാക്ക് വേ എന്നിവയായിരുന്നു ആദ്യ പ്ലാനിൽ.
എന്നാൽ ഇതിനെതിരെ നാട്ടുകാരും കായികപ്രേമികളും സംഘടിച്ച് സമരത്തിനിറങ്ങിയതോടെ ഹാർബർ എൻജിനീയറിംഗ് വകുപ്പ് വെട്ടിലായി. അവസാനം രണ്ടു വട്ട ചർച്ചകൾക്കൊടുവിൽ സെവൻസ് ഫുട്ബോൾ കളിക്കാനാവശ്യമായ 60 മീറ്റർ നീളവും 40 മീറ്റർ വീതിയുമുള്ള ഗ്രൗണ്ട് നിർമിക്കാൻ ധാരണയായി. ഇതിനായി ഇപ്പോൾ നിർമിച്ച സ്റ്റേജിന്റെ കുറച്ച് ഭാഗം പൊളിച്ചുമാറ്റും.
ഇതോടെ നാളെ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന എം എൽ എ ഓഫീസിലേക്കുള്ള കായിക താരങ്ങളുടെ കൂട്ടയോട്ടവും സമര പരിപാടികളും തത്കാലത്തേക്ക് ഉപേക്ഷിച്ചതായി സമരസമിതി ചെയർമാൻ സി.ജി. ബിജു അറിയിച്ചു.