ഓഞ്ഞിത്തോട് കൈയേറ്റം: റീസർവേ ആരംഭിച്ചു
1545571
Saturday, April 26, 2025 4:53 AM IST
ആലുവ: പെരിയാറിന്റെ കൈവഴിയായ ഓഞ്ഞിപ്പുഴയിൽ മൂന്ന് വര്‍ഷമായി നിർത്തിവച്ച റീ സർവ്വെ പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം ഓഞ്ഞിത്തോട് സംരക്ഷണ ജനകീയ സമിതിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തിയതോടെയാണ് കൈയേറ്റങ്ങൾ തിരിച്ചുപിടിക്കൽ പുന:രാരംഭിച്ചത്.
കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിലെ ഒഴുകുന്ന ഓഞ്ഞിത്തോടിന്റെ 64 കൈയേറ്റങ്ങൾ തിരിച്ചുപിടിക്കണമെന്നാണ് സമിതിയുടെ പ്രധാന ആവശ്യം. പറവൂർ താലൂക്ക് തഹസിൽദാറുടെ നേതൃത്വത്തിൽ നടക്കുന്ന സർവേകല്ലിടൽ 10 ദിവസത്തിനുള്ളിൽ പൂർത്തിയാകും.
ഇനി നൂറോളം സർവേക്കല്ലുകളാണ് സ്ഥാപിക്കാനുള്ളത്. മൂന്ന് വർഷം മുമ്പ് 200 ഓളം സ്ഥാപിച്ചിരുന്നു. ഇന്നലെ കടുങ്ങല്ലൂർ മേഖലയിലാണ് റീ സർവേ ആരംഭിച്ചത്. കല്ല് സ്ഥാപിക്കുന്നതിന് മുന്നോടിയായി പലയിടത്തും കാട് വെട്ടിത്തെളിയ്ക്കലും നടക്കുന്നുണ്ട്.
2022 ൽ പുഴയുടെ അതിർത്തി നിർണയം നടത്തിയെങ്കിലും അതിർത്തി കല്ലുകൾ മുഴുവനായി സ്ഥാപിക്കുന്നതിൽ കടുങ്ങല്ലൂർ ആലങ്ങാട് പഞ്ചായത്തുകൾ, റവന്യൂ, സർവേ വകുപ്പുകൾ കൈയേറ്റക്കാരെ ഒഴിപ്പിക്കാൻ താത്പര്യം എടുത്തില്ലെന്നാണ് സംരക്ഷണ സമിതിയുടെ പരാതി.