നിർമിതബുദ്ധി ഉപയോഗിച്ചുള്ള സാമൂഹികക്ഷേമ ഗവേഷണത്തിന് തൃക്കാക്കരയിൽ തുടക്കം
1545570
Saturday, April 26, 2025 4:53 AM IST
കാക്കനാട്: കേരള സാങ്കേതിക സർവകലാശാലയും തൃക്കാക്കര നഗരസഭയും ചേർന്നു സാമൂഹിക ക്ഷേമ ഗവേഷണങ്ങൾ നടത്താൻ തീരുമാനം. സംസാര വൈകല്യമുള്ള കുട്ടികൾക്ക് സ്പീച്ച് തെറാപ്പി നൽകാൻ നിർമിത ബുദ്ധിയുടെ സഹായത്തോടെ വോയ്സ് ബേസ്ഡ് ഇന്റലിജൻസ് സംവിധാനം വികസിപ്പിച്ചെടുക്കലാണ് പ്രധാന ലക്ഷ്യം.
ഇതുൾപ്പെടെ അഞ്ചു ഗവേഷണങ്ങൾക്കായി തൃക്കാക്കര നഗരസഭ 10 ലക്ഷം രൂപ അനുവദിച്ചു. ഗവ. മോഡൽ എൻജിനിയറിംഗ് കോളജിൽ പ്രവർത്തിക്കുന്ന സാങ്കേതിക സർവകലാശാല സെന്റർ ഓഫ് എക്സലൻസിന്റെ നേതൃത്വത്തിലാണ് ഗവേഷണമെന്ന് നഗരസഭാധ്യക്ഷ രാധാമണി പിള്ളയും വിദ്യാഭ്യാസ സ്ഥിര സമിതി ചെയർമാൻ നൗഷാദ് പല്ലച്ചിയും പറഞ്ഞു.
പച്ചക്കറിയിലും പഴ വർഗങ്ങളിലും ആരോഗ്യത്തിന് ഹാനികരമായ രാസ സാമീപ്യമുണ്ടോയെന്ന് കണ്ടെത്താനുള്ള സാങ്കേതിക വിദ്യയും ശ്വസന വായുവിനെ പഠന വിധേയമാക്കി കാൻസർ പോലുള്ള രോഗങ്ങളെ മുൻകൂട്ടി മനസിലാക്കാനുള്ള സാങ്കേതിക വിദ്യയും ഗവേഷണത്തിലൂടെ കണ്ടെത്തും.
ഡിമെൻഷ്യ രോഗികളെ സഹായിക്കാനുള്ള എ1-പവേർഡ് വെർച്വൽ അസിസ്റ്റന്റ് മെമോമേറ്റ് സംവിധാനവും വൻകുടലിൽ ബാധിക്കുന്ന കാൻസറുകളെ പ്രാരംഭഘട്ടത്തിൽ നിർണയിക്കാനുള്ള നിർമിത ബുദ്ധി അധിഷ്ഠിത സാങ്കേതിക വിദ്യയും ഗവേഷണ വിഷയങ്ങളാണ്.
ആറു മാസത്തിനകം ഗവേഷണങ്ങൾ പൂർത്തിയാക്കി ഇതിനാവശ്യമായ ഉപകരണങ്ങൾ വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യം.