‘നഗര വികസനം: ആദ്യഭാഗം ജൂണിനു മുന്‍പ് പൂർത്തീകരിക്കും’
1545252
Friday, April 25, 2025 4:49 AM IST
മൂവാറ്റുപുഴ: നഗരവികസനം ജൂണ്‍ മാസത്തിനു മുമ്പ് ബിഎം പൂർത്തീകരിക്കാൻ നിർദേശങ്ങൾ നൽകി മാത്യു കുഴൽനാടൻ എംഎൽഎ. നഗരവികസനത്തിന്റെ വിലയിരുത്തലിനായി എംഎൽഎ വിളിച്ചുചേർത്ത കെആർഎഫ്ബി, ജല അഥോറിറ്റി, കെഎസ്ഇബി ഡിപ്പാർട്ട്മെന്റുകളുടെയും കോണ്‍ട്രാക്ടർമാരെയും സംയുക്ത യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി ജല അഥോറിറ്റിയുടെ വർക്കുകൾക്ക് വേഗത കൂട്ടുന്നതിനായി അഡീഷണൽ ടീമുകളെ ഉപയോഗിക്കുന്നതിനും ധാരണയായി.
വള്ളക്കാലി, എസ്എൻഡിപി ഭാഗങ്ങളിലേക്ക് പോകുന്ന ജല അഥോറിറ്റിയുടെ റോഡ് മുറിച്ചുള്ള പൈപ്പ് ലൈനുകൾ ചൊവ്വാഴ്ചയ്ക്കുള്ളിൽ മാറ്റി സ്ഥാപിക്കും. റോഡിന് കുറുകയായി പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനായി വാഹന ഗതാഗതം നിരോധിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ജല അഥോറിറ്റി സൂചിപ്പിച്ചു.
എന്നാൽ യാത്രക്കാരെയും കച്ചവടക്കാരെയും വലിയ ദുരിതത്തിലാക്കുന്ന പ്രവർത്തി ഒരു ദിവസംകൊണ്ട് തീർക്കുന്ന രീതിയിലേക്ക് ക്രമീകരിക്കാനും അതിനുള്ള സജീകരണങ്ങൾ ഒരുക്കി കഴിയുന്ന ഉടനെ ഒരു ദിവസം രാത്രി സമയം അതിനായി പൂർണമായി അടച്ച് പ്രവർത്തികൾ പൂർത്തീകരിക്കാമെന്നും എംഎൽഎ പറഞ്ഞു.
പിഒ ജംഗ്ഷൻ മുതൽ കച്ചേരിത്താഴം വരെയുള്ള ഭാഗങ്ങളിലെ ജല അഥോറിറ്റിയുടെ പുതിയ പൈപ്പ് ലൈനുകൾ ഇരുവശത്തുമുള്ള ഡക്റ്റിന് ഉള്ളിലൂടെയാക്കി പുതിയ പൈപ്പിന്റെ ലേയിംഗും ഹൗസ് കണക്ഷനുകളും പെട്ടെന്ന് തന്നെ പൂർത്തിയാക്കണം.
തുടർന്ന് നഗരത്തിലെ റോഡിന്റെ മധ്യഭാഗത്തുകൂടി പോകുന്ന പഴയ പൈപ്പ് ലൈനിലേക്കുള്ള വാട്ടർ സപ്ലൈ ഇതിനോടകം പുതിയ പൈപ്പുകളിലേക്ക് മാറ്റി റോഡ് വർക്കുകൾക്ക് വേണ്ടിയിട്ട് റോഡ് പൂർണമായി കെആർഎഫ്ബിക്ക് വിട്ടുനൽകണമെന്നും ജല അഥോറിറ്റി ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദേശം നൽകി.
കാലാവസ്ഥ അനുകൂലമായി തുടർന്നാൽ ഏഴുമാസം കാലാവധിയുള്ള റോഡ് നിർമാണം മൂന്നു മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ കഴിയുമോ എന്ന പരിശ്രമമാണ് നടത്തുന്നതെന്നും എംഎൽഎ അറിയിച്ചു.
എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ പി. ജയരാജൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.ജെ. സിജി, നിംനമോൾ ഏലിയാസ്, ജല അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ കെ.പി. പ്രകാശ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷാനു പോൾ, ജി. അഞ്ജലി, കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ രാജേഷ്, കരാറുകാർ എന്നിവർ പങ്കെടുത്തു.