തട്ടേക്കാട് ചിറയുടെ നിർമാണത്തിൽ അപാകതയെന്ന് ആക്ഷേപം
1545557
Saturday, April 26, 2025 4:47 AM IST
തിരുമാറാടി: തട്ടേക്കാട് ചിറയുടെ നിർമാണത്തിൽ അപാകതകളുള്ളതായി ആക്ഷേപം. 45 ലക്ഷം ചെലവഴിച്ച് നിർമിക്കുന്ന തട്ടേക്കാട് ചിറയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന കോണ്ക്രീറ്റ് മിശ്രിതം ശരിയായ അളവിലല്ലെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
നിർമാണം നടക്കുന്ന സ്ഥലത്തെ മണ്ണ് കൃത്യമായി നീക്കം ചെയ്യാതെ ചിറയിലെ ചെളിക്ക് മുകളിലാണ് നിർമാണം പുരോഗമിക്കുന്നത്. കൃത്യമായ മേൽനോട്ടം ഇല്ലാതെയാണ് ഇവിടുത്തെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും ആക്ഷേപമുണ്ട്.
എക്സിക്യൂട്ടീവ് എൻജിനീയറുടെ മേൽനോട്ടത്തിൽ നടക്കേണ്ട നിർമാണ പ്രവർത്തനങ്ങൾ നിലവിൽ മൈനർ ഇറിഗേഷന്റെ ഓവർസീയറുടെ സാന്നിധ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികളാണ് ചെയ്യുന്നത്.
അടിയൊഴുക്ക് കൂടുതലുള്ള ഈ ഭാഗത്ത് കോണ്ക്രീറ്റ് തള്ളിപ്പോകാനുള്ള സാധ്യത ഏറെയാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം വരും വർഷങ്ങളിൽ ഇവിടെ അറ്റകുറ്റപ്പണിയും ആവശ്യമായി വരും. ഇതും പഞ്ചായത്തിന് അധിക ബാധ്യതയാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.